സിപിഎമ്മുമായി സഖ്യം മാത്രം പോരാ; പൊതുഓഫീസും വേണമെന്ന് കോൺഗ്രസ്

Sunday 24 June 2018 3:10 am IST

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധികാരത്തിലെത്താന്‍ സിപിഎമ്മുമായി സഖ്യം വേണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. സിപിഎമ്മുമായി ഒരുമിച്ച് പൊതുഓഫീസുകള്‍ സ്ഥാപിക്കണമെന്നും തൃണമൂല്‍, ബിജെപി വിരുദ്ധ കക്ഷികളുടെ കൂട്ടായ്മയുണ്ടാക്കണമെന്നും സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ജില്ലാ നേതാക്കളുടെയും യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

 സിപിഎമ്മിനോട് തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി 21 ഇന നിര്‍ദേശങ്ങളും പാര്‍ട്ടി മുന്നോട്ടു വച്ചിട്ടുണ്ട്. കൊല്‍ക്കത്ത, അസന്‍സോള്‍, ബെഹ്‌റാംപുര്‍, സിലിഗുരി എന്നിവിടങ്ങളില്‍ ഒരുമിച്ച് കേന്ദ്രീകൃത ഓഫീസുകള്‍ ആരംഭിക്കണം. വെബ്‌സൈറ്റുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ മുന്നണി സംവിധാനത്തിന്റെ പ്രചാരണത്തിനായി ഒരുക്കണം. 

50,000 വോളണ്ടിയര്‍മാരെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനായി കണ്ടെത്തണം. 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സഖ്യം എന്നതിലുപരി, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് അധികാരത്തിലെത്താനുള്ള പദ്ധതികളാണ് മുന്നണി സംവിധാനത്തില്‍ ആവിഷ്‌കരിക്കേണ്ടതെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.