അനംഗനായി കാമന്‍ അനാഥയായി രതി

Sunday 24 June 2018 3:15 am IST

എ.പി. ജയശങ്കര്‍

കാമദേവന്റെ മനസ്സിലൂടെ ഓര്‍മ്മകള്‍ ഊഴിയിട്ടിറങ്ങി. അമ്മായിയാ (അഛന്‍പെങ്ങളാ)യ വിദ്യാദേവി അവരുടെ അഛന്‍ (എന്റെ അപ്പൂപ്പന്‍) ബ്രഹ്മദേവന്റെ മുന്നില്‍ ചെന്നപ്പോഴാണ് ഒരിക്കല്‍ ഞാന്‍ പരീക്ഷണത്തിന് മുതിര്‍ന്നത്.

തന്റെ പഞ്ചബാണങ്ങള്‍ ബ്രഹ്മദേവന്റെ നേരെ തൊടുത്തുവിട്ടു. അന്ന് അപ്പൂപ്പന്‍ എന്നെ ശപിച്ചതാണ്. ''അനവസരത്തില്‍ നീ എന്റെ മനസിനും ശരീരത്തിനുംനേരെ അസ്ത്രം പ്രയോഗിച്ചതിന് നിന്റെ ശരീരത്തെ ശ്രീപരമേശ്വരന്‍ നശിപ്പിച്ച് മനസ്സിനെ വേര്‍പെടുത്തും. നിന്റെ ഈ സുന്ദരശരീരം നശിച്ച് നീ അനംഗനായിത്തീരും.'' ആ ശാപവാക്കുകള്‍ വീïും കാമദേവന്റെ മനസില്‍ മുഴങ്ങി.

പക്ഷെ, പരീക്ഷണം പോലും നടത്താതെ തോറ്റു പിന്തിരിയുന്നതെങ്ങിനെ?പെട്ടെന്ന് മറ്റു ദേവന്മാരുടെ വാക്കുകള്‍ ഓര്‍മവന്നു. ''കാമദേവാ, നീ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ആശ്രയം.'' ദേവന്മാരുടെ ഈ വാക്കുകള്‍ മറക്കുന്നതെങ്ങനെ?

ഏറ്റെടുത്ത കാര്യം ചെയ്യാതെ പിന്തിരിയുന്നത് ധര്‍മമല്ലെന്ന് അച്ഛന്‍ ധര്‍മ്മദേവന്‍ പറഞ്ഞുതരുന്നതായും കാമദേവന് തോന്നി.ഇങ്ങനെ പലതും ചിന്തിച്ചുനില്‍ക്കുമ്പോഴാണ് വീണ്ടും ശ്രീപാര്‍വതീദേവിയെ ശ്രദ്ധിച്ചത്. ഇത് ദക്ഷപുത്രിയായ സതീദേവിതന്നെയല്ലേ? ഓര്‍മയില്‍ പരതിനോക്കി. അതേ ഇത് ആ സതീദേവിതന്നെ പുനരവതരിച്ചിക്കുകയാണ്. പരമേശ്വര പത്‌നിയായ സതീദേവി. അപ്പോള്‍ ഇവരെ യോജിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് തെറ്റല്ല. ഇതാ പാര്‍വതീദേവി പരമേശ്വരപാദത്തില്‍ പാദപൂജകള്‍ ചെയ്യുന്നു. ഇതുതന്നെയാണ് അവസരം. ഇനി ഒന്നും ആലോചിക്കാനില്ല.

ഉടന്‍തന്നെ കാമദേവന്‍ അഞ്ചു ബാണങ്ങളും ശ്രീ മഹാദേവന്റെ ഹൃദയത്തിലേക്കയച്ചു. ഭഗവാന്‍ കണ്ണുതുറന്നു. ഒപ്പം മൂന്നാം തൃക്കണ്ണും. ആ തൃക്കണ്ണില്‍നിന്നും പുറപ്പെട്ട കൊടിയ അഗ്‌നി കാമദേവന്റെ ശരീരത്തെ ഭസ്മമാക്കി. കാമദേവന്‍ അനംഗനായി. ശ്രീപരമേശ്വരന്‍ തല്‍സ്ഥാനത്തുനിന്നും അപ്രത്യക്ഷനാവുകയും ചെയ്തു.

വിവരങ്ങള്‍ വായുഭഗവാന്‍ മുഖാന്തിരമറിഞ്ഞ മറ്റു ദേവന്മാര്‍ ഭഗവാന്‍ നാരായണന്റെ അടുത്തെത്തി സങ്കടം പറഞ്ഞു. കാമദേവനെ ജീവിപ്പിക്കണം. കാമാരിയായ ശിവന്‍ ദഹിപ്പിച്ച കാമന്‍ ഉടന്‍ ജീവിപ്പിക്കാനാവില്ലെന്ന് വിഷ്ണുദേവന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ കൃഷ്ണാവതാരമെടുക്കുമ്പോള്‍ ശ്രീപരമേശ്വരന്റെ  അനുഗ്രഹംകൊണ്ട് അനംഗനെ വീണ്ടും അംഗനാക്കാം. അന്നുവരെ കാത്തിരുന്നേ പറ്റൂ.

താന്‍ എത്രകാലം വേണമെങ്കില്‍ കാത്തിരിക്കാമെന്ന് കാമന്റെ പത്‌നിയായ രതീദേവി വിഷ്ണുവിനു മുന്നില്‍ കരഞ്ഞുപറഞ്ഞു.ദേവന്മാര്‍ ആ നിര്‍ദ്ദേശം അംഗീകരിച്ച് വൈകുണ്ഠത്തില്‍നിന്നും മടങ്ങി.ഇതിനിടയില്‍ ശിവപാര്‍വതിമാരുടെ വിവാഹത്തിനുള്ള ശ്രമങ്ങള്‍ മറ്റു പലവഴിക്കും തുടര്‍ന്നു.

അപ്രത്യക്ഷനായ ശിവനെത്തേടി ശ്രീപാര്‍വതിദേവി കുറേ അലഞ്ഞു. കുതിരപ്പുറത്തു കയറി നാലു ദിക്കിലും പാര്‍വതീദേവി ശിവനെ തെരഞ്ഞു. അശ്വാരൂഢപാര്‍വതീദേവിയെ മുനിമാര്‍ സന്ദര്‍ശിച്ചു.മനസാകുന്ന കുതിരപ്പുറത്തു കയറിയായിരിക്കണം ഇനിയുള്ള യാത്രയെന്ന് സപ്തര്‍ഷിമാര്‍ പറഞ്ഞതിനെ ദേവി സ്വീകരിച്ചു. ദേവി മനസിന്റെ കടിഞ്ഞാണില്‍ പിടിമുറുക്കി. ശിവനെ വരനായിക്കിട്ടാനായി ശിവനെത്തന്നെ തപസ്സുചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.