വാക്കുകള്‍ കൊണ്ടുള്ള തപസ്സ്

Sunday 24 June 2018 3:18 am IST

1. അനുദ്വേഗകരം- കേള്‍ക്കുന്നവര്‍ക്ക് ഭയം തോന്നിക്കുന്നതോ, ശല്യം തോന്നിക്കുന്നതോ ആയ വാക്കുകള്‍ പറയാതിരിക്കുക. 

2. സത്യവും പ്രിയവും ഹിതവും ആയ വാക്കുകള്‍ മാത്രം പറയുക. ഓരോന്നും വിവരിക്കാം.

സത്യം- കേട്ടും കണ്ടും ബോധതലത്തില്‍ വര്‍ത്തിക്കുന്ന വസ്തുതകള്‍ മാത്രം പറയുക. 

പ്രിയം- കേള്‍ക്കുന്നവര്‍ക്ക് തത്കാലം ഇഷ്ടം തോന്നുന്നത്. 

ഹിതം- കേള്‍ക്കുന്നവര്‍ക്ക് തത്കാലം ഇഷ്ടപ്പെടുകയില്ല; പക്ഷെ പിന്നീട് ഇഷ്ടമായി തീരുന്നത്. 

ഉദാഹരണം- നല്ല പനിയുള്ളവനോട് പച്ചവെള്ളം കുടിക്കരുത് എന്ന് പറഞ്ഞാല്‍ തത്കാലം ഇഷ്ടപ്പെടുകയില്ല. പച്ചവെള്ളം കുടിക്കാതിരുന്നത് കൊണ്ടാണ് പനി വര്‍ദ്ധിക്കാതിരുന്നത് എന്ന് ഓര്‍ത്ത് പിന്നീട് സന്തോഷിക്കും. 

മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളും അനുദ്വേഗകരത്വവും സത്യത്വവും പ്രിയത്വവും ഹിതത്വവും ഉള്ള വാക്കുകള്‍ മാത്രം സംസാരിക്കുന്നതാണ് തപസ്സ്. നാലും ഒരേ സമയം ഉള്ള വാക്കുകള്‍ മാത്രമാണ് തപസ്സായി തീരുന്നത്. ഏതെങ്കിലും ഒരു ഗുണം ഇല്ലെങ്കില്‍ വാക്കുകളുടെ തപസ്സ് എന്ന അവസ്ഥ ഇല്ലാതായി എന്ന് മനസ്സിലാക്കാം. 

സ്വാധ്യായാഭ്യസനം

യഥാവിധി വേദങ്ങളും ഇതിഹാസപുരാണങ്ങളും ഗീതയും ശ്രീമദ്ഭാഗവതവും ദിവസവും- മുടങ്ങാതെ- അധ്യയനം ചെയ്യുക എന്നത് അഭ്യസിച്ച് ശീലമാക്കുക.

ഗൃഹങ്ങളില്‍ വെച്ച് അധ്യയനം ചെയ്യുമ്പോള്‍ കിഴക്കോട്ട് മുഖമായി ഇരിക്കണം. വേദം സ്വാധ്യായം ചെയ്യുമ്പോള്‍, ചെറുവിരല്‍ കഴിഞ്ഞ് രണ്ടാമത്തെ വിരലില്‍ ദര്‍ഭകൊണ്ടുള്ള പവിത്രം ധരിക്കണം. ഇടതുകൈയ്യില്‍ ദര്‍ഭയും ജലവും എടുത്ത് വലതുകൈ കൊണ്ട് അടച്ച് പിടിച്ച്, അധ്യയനം സ്വര സഹിതം അക്ഷരം പിഴയ്ക്കാതെ ചൊല്ലിക്കഴിഞ്ഞാല്‍ ഇടത് കൈയ്യിലെ ജലം- തീര്‍ത്ഥം മുഖത്ത് തളിക്കണം.

ഇതിഹാസ പുരാണങ്ങളും ഗീതയും ശ്രീമദ് ഭാഗവതവും അധ്യയനം ചെയ്യുമ്പോള്‍ ഗുരുനാഥനില്‍ നിന്ന് ഉപദേശമായി ലഭിച്ച പുരശ്ചരണങ്ങള്‍ വിടാതെ ചൊല്ലിയതിന് ശേഷം മാത്രമെ സ്വാധ്യായം ആരംഭിക്കാന്‍ പാടുള്ളു. ആരംഭിച്ച അധ്യായങ്ങളള്‍ തീര്‍ത്തതിനു ശേഷം മാത്രമെ എഴുന്നേല്‍ക്കാന്‍ പാടുള്ളു. ശ്ലോകങ്ങള്‍ ചൊല്ലുന്നതിനിടയില്‍ മറുവാക്കുകള്‍ ഉച്ചരിക്കരുത്. അങ്ങനെ ഉച്ചരിച്ചാല്‍ വാഗ്‌രൂപമായ തപസ്സ് മുടങ്ങി എന്ന് മനസ്സിലാക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.