ഗോൾ മഴ പെയ്യിച്ച് ചെകുത്താന്മാർ

Sunday 24 June 2018 3:25 am IST

മോസ്‌ക്കോ: മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച് ചുവന്ന ചെകുത്തന്മാരുടെ തേരോട്ടം. ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചുഗോളിന് മുക്കി തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ബെല്‍ജിയം ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. റൊമേലു ലുക്കാകുവും ഹസാര്‍ഡും രണ്ട് ഗോള്‍ വീതം നേടി. ബാറ്റ്ഷൂയി ഒരു ഗോള്‍ കുറിച്ചു. ഡൈലാന്‍ ബ്രോണും ഖസാരിയുമായണ് ടുണീഷ്യക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് ബെല്‍ജിയം കാഴ്ചവെച്ചത്. ലുക്കാകുവും ഹസാര്‍ഡുമൊക്കെ നിരന്തരം ടുണീഷ്യയുടെ ഗോള്‍ മുഖം റെയ്ഡ് ചെയ്തു. കിട്ടിയ അവസരങ്ങളൊക്കെ ബെല്‍ജിയം മുതലാക്കിയുരുന്നെങ്കില്‍ ടുണീഷ്യ വല ഗോളുകള്‍കൊണ്ട് നിറഞ്ഞേനേ. കളിയുടെ പതിനാറാം മിനിറ്റല്‍ അവര്‍ 2-0 ന്റെ ലീഡ് നേടി. ആറാം മിനിറ്റില്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് ഹസാര്‍ഡ് ലക്ഷ്യം കണ്ടത്. പത്ത് മിനിറ്റുകള്‍ക്കുശേഷം ലുക്കാകു ലീഡ് ഉയര്‍ത്തി.  മെര്‍ട്ടന്‍സ് നല്‍കിയ പന്ത് ലുക്കാകു അനായാസം ലക്ഷ്യത്തിലെത്തിച്ചു. 

പക്ഷെ ഗോളാരവം അവസാനിക്കും മുമ്പ് ടുണീഷ്യ ഒരു ഗോള്‍ മടക്കി. ഡൈലാന്‍ ബ്രോണാണ് ബെല്‍ജിയത്തെ ഞെട്ടിച്ച് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലുക്കാകു തന്റെ രണ്ടാം ഗോളിലൂടെ ചെകുത്താന്മാരുടെ ലീഡ് 3-1 ആയി ഉയര്‍ത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹസാര്‍ഡ് തന്റെ രണ്ടാം ഗോളും നേടി. തൊണ്ണൂറാം മിനിറ്റില്‍ ബാറ്റ്ഷൂയിയും ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ടുണീഷ്യ ഒരു ഗോള്‍ കൂടി മടക്കി. ഖസാരിയാണ് സ്‌കോര്‍ ചെയ്തത്.

ഈ വിജയത്തോടെ ബെല്‍ജിത്തിന് ഗ്രൂപ്പ് ജിയില്‍ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റായി. അതേസമയം രണ്ട് മത്സരങ്ങളും തോറ്റ ടുണീഷ്യ പുറത്തായി. മൂന്ന് പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.

ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ടീം അഞ്ചു ഗോള്‍ അടിക്കുന്നത്. രണ്ട് ഗോള്‍ നേടിയ റൊമേലു ലുകാകു ഗോള്‍ വേട്ടയില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം (നാലു ഗോള്‍) എത്തി. പനാമക്കെതിരായ ആദ്യ മത്സരത്തിലും ലുക്കാകു രണ്ട് ഗോള്‍ നേടിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.