ടോണി ക്രൂസിന്റെ ആ സർജിക്കൽ സ്ട്രൈക്

Sunday 24 June 2018 10:19 am IST

സോച്ചിയിലെ സ്വീഡിഷ് കടലിരമ്പം പൊടുന്നനെ നിലച്ചു. ടോണി ക്രൂസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ലോകം അമ്പരന്നു നിന്നു. ചിതയിലേക്കെടുത്ത ജർമ്മൻ മോഹങ്ങൾ ആ മഹാത്ഭുതത്തിൽ പുനർജനിച്ചു. ഗാലറിയും ലോകവും ടോണി ക്രൂസിന്റെ മഹത്വം വാഴ്ത്തി. ചിലർ പ്രാർത്ഥനയിലാണ്ടു. മറ്റ് ചിലർ ആർത്തുവിളിച്ചു. ഇനിയും ചിലർ വീണ്ടെടുത്ത ജീവനുമായി സ്വീഡിഷ് ബെഞ്ചിലേക്ക് പാഞ്ഞുകയറി.

അന്ത്യവിധി നാളിലെന്നപോലെയായിരുന്നു ഇന്നലെ രാത്രി ജർമ്മനി. തോൽവി അവർക്ക് മരണമായിരുന്നു. രണ്ടാം റൗണ്ട് കാണാതെ മടങ്ങുക .... അതും ലോകജേതാക്കൾ .. ഫ്രാൻസും ഇറ്റലിയും സ്പെയിനും വിധിക്കപ്പെട്ട വഴിയിലേക്ക് വിരൽ ചൂണ്ടിയാണ് ഇന്നലെ സ്വീഡിഷ് പട ജർമ്മനിയെ വരിഞ്ഞുമുറുക്കിയത്. ആക്രമണത്തിന്റെ തിരമാലകൾ തീർത്ത് ജർമ്മനി തുടക്കം മുതലേ നിലപാട് വ്യക്തമാക്കി. പൊതുവേ അക്ഷോഭ്യനായി മാത്രം കാണാറുള്ള കോച്ച് ജോക്കിം ലോ യുടെ ശരീര ഭാഷയിൽ പോലും അത് പ്രകടമായിരുന്നു. പ്ളേ മേക്കർ മെസ്യൂട്ട് ഓസിലിനെ പുറത്തിരുത്തി മാർക്കോ റി യൂസിൽ വിശ്വാസമർപ്പിച്ചു ലോ. കളിയിൽ അത് പ്രതിഫലിച്ചു.

പക്ഷേ സ്വീഡിഷ് ഗോളി ഓൾസൺ കീഴടങ്ങാൻ തയ്യാറില്ലാത്ത കാവൽക്കാരനായപ്പോൾ ജർമ്മനി വിറച്ചു. തൊണ്ണൂറ് മിനിട്ട് പൂർത്തിയാവുമ്പോഴും സ്കോർബോർഡിൽ 1 - 1 സമനില മാത്രം. ജർമ്മൻ മോഹങ്ങളുടെ സമനില തെറ്റാൻ എന്ത് വേണം ? പക്ഷേ ആ നിമിഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ക്ളിനിക്കൽ പാസുകളുടെ രാജാവ് എന്ന് സ്പാനിഷ് ലീഗിൽ പേരുകേട്ട ഫുട്ബോൾ സർജൻ ടോണി ക്രൂസ് അത് നേടി. പെനാൽട്ടി ബോക്സിന് ഇടത് വശത്തായി കിട്ടിയ ഫ്രീ കിക്ക്.... പന്ത് മെല്ലെ തട്ടി തൊട്ടു മുന്നിലുണ്ടായിരുന്ന റിയൂസിലേക്ക്.

റിയൂസിൽ നിന്ന് വീണ്ടും ക്രൂസിലേക്ക് .. പിന്നെ ഇനിയുള്ള രാവുകളിലേക്ക് ആവേശം പകർന്ന് ടോണി ക്രൂസിന്റെ ഷോട്ട്. ഉയർന്ന് വലത്തേ മൂലയിലൂടെ പറന്നിറങ്ങി വല കുലുക്കി വിജയാഘോഷം .... ടോണി ക്രൂസ് ദി സേവ്യർ.... യൂറോപ്യൻ ഫുട്ബോളിലെ ആ വൺ മാൻ ഓർക്കസ്ട്രയുടെ മഴവിൽ കിക്കിൽ ജർമ്മനി പിടഞ്ഞെഴുന്നേൽക്കുന്നു. വിജയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും.

എം. സതീശൻ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.