പാര്‍ട്ടി കമ്മിറ്റിക്ക് പോകുമ്പോള്‍ കാണാനുള്ള ആളല്ല പ്രധാനമന്ത്രി: ഒ. രാജഗോപാല്‍

Sunday 24 June 2018 11:51 am IST
കെ. കരുണാകരന്‍ മുഖ്യമന്തിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ പ്രധാനമന്ത്രിയെ കാണാന്‍ മൂന്നു നാലു ദിവസം ദല്‍ഹിയില്‍ തങ്ങേണ്ടി വന്ന അനുഭവം ഒ. രാജഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പു മന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചത്. സഹപ്രവര്‍ത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്തിയുടെ വിശ്വാസമാണ് അത് തെളിയിക്കുന്നത്.

കൊല്ലം: മോദി സര്‍ക്കാരിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്തി പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ജന്മഭൂമി പ്രതിഭാസംഗമത്തിന് കൊല്ലത്തെത്തിയ എംഎല്‍എ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് പിണറായിക്കു മറുപടി നല്‍കിയത്. 

പിണറായി വിജയന്റെ മോദി വിരോധം മാത്രമാണ് പ്രസ്താവനയ്ക്ക് പിന്നിലുള്ളത്. ദല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാം എന്നു കരുതുന്നതിന് പിന്നില്‍ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും. പക്ഷേ അതിന് പ്രധാനമന്ത്രി നിന്നു തരണം എന്നു ചിന്തിക്കുന്നിടത്താണ് പ്രശ്‌നമെന്ന് രാജഗോപാല്‍ പറഞ്ഞു.  ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശാലാന്വേഷണം നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്ത്രിയുടേത്. ചെറിയ സംസ്ഥാനം ഭരിക്കുന്ന ആളല്ല അദ്ദേഹം. അതിന്റേതായ തിരക്കുകള്‍ പ്രധാനമന്ത്രിക്കുണ്ടാകും.

 കെ. കരുണാകരന്‍ മുഖ്യമന്തിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ പ്രധാനമന്ത്രിയെ കാണാന്‍ മൂന്നു നാലു ദിവസം ദല്‍ഹിയില്‍ തങ്ങേണ്ടി വന്ന അനുഭവം ഒ. രാജഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പു മന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചത്. സഹപ്രവര്‍ത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്തിയുടെ വിശ്വാസമാണ് അത് തെളിയിക്കുന്നത്. കേരളത്തിനാവശ്യമായ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണണമായിരുന്നു. ചുരുങ്ങിയ പക്ഷം മുഖ്യമന്ത്രിക്ക് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ  ഉപദേശമെങ്കിലും ഇക്കാര്യത്തില്‍ തേടാമായിരുന്നുവെന്ന് രാജഗോപാല്‍ പറഞ്ഞു.

പിണറായി മോദി വിരുദ്ധ പ്രസ്താവന നടത്തുമ്പോള്‍ വിഎസ് കേന്ദ്ര റെയില്‍മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്തി പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു. വിഎസിന് ബോധ്യപ്പെടുന്ന കാര്യം പിണറായിക്ക് ബോധ്യപ്പെടാത്തതിന് പിന്നില്‍ അന്ധമായ മോദി വിരോധമാണ്. രാജ്യത്ത് നാല് വര്‍ഷമായി സുസ്ഥിരഭരണം തുടരുന്ന മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന്റെ പിന്നാലെ തൂങ്ങിയിരിക്കുകയാണ് പിണറായി. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെതിരെ കള്ളം പറഞ്ഞുനടക്കുന്നത്. മുഖ്യമന്ത്രി കേന്ദ്രവിരുദ്ധ പ്രസ്താവന നടത്തിയ അതേ ദിവസം തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ 600 ലധികം കോടി രൂപയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.