ഗണേഷ് മാപ്പു പറഞ്ഞു; തല്ലുകേസ് ഒത്തുതീര്‍പ്പായി

Sunday 24 June 2018 7:24 pm IST
തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്നും അതിയായ ഖേദമുണ്ടന്നും ഗണേഷ് കുമാര്‍ അനന്തക്യഷ്ണന്റെ അമ്മ ഷീനയോടും അച്ഛന്‍ ഗോപാലക്യഷ്ണന്‍ നായരോടും പറഞ്ഞു. ദ്യശ്യമാധ്യമങ്ങളാണ് കേസ് വളച്ചൊടിച്ചെതെന്നും ഇരുകൂട്ടരും ചര്‍ച്ചക്കിടെ പറഞ്ഞു.

പത്തനാപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ച് ഒത്തുതീര്‍പ്പിന് കളമൊരുക്കിയപ്പോള്‍ പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ കേസില്‍പ്പെടാതെ രക്ഷപെട്ടു. കൊല്ലം അഞ്ചലില്‍ വച്ച് യുവാവിനെയും അമ്മയേയും ഗണേഷും ഡ്രൈവറും തല്ലിയ കേസാണ് ഒത്തുതീര്‍പ്പായത്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കാനും ചര്‍ച്ചയില്‍ ധാരണയായി. പുനലൂരിലെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് വച്ചായിരുന്നു ചര്‍ച്ച. ഗണേഷ് കുമാറിന്റെ അച്ഛനും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ആര്‍. ബാലകൃഷ്ണപിള്ളയും അഞ്ചലിലെ എന്‍എസ്എസ് പ്രാദേശിക നേതൃത്വവുമാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്.

തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്നും അതിയായ ഖേദമുണ്ടന്നും ഗണേഷ് കുമാര്‍  അനന്തക്യഷ്ണന്റെ അമ്മ ഷീനയോടും  അച്ഛന്‍ ഗോപാലക്യഷ്ണന്‍ നായരോടും പറഞ്ഞു. ദ്യശ്യമാധ്യമങ്ങളാണ് കേസ് വളച്ചൊടിച്ചെതെന്നും ഇരുകൂട്ടരും ചര്‍ച്ചക്കിടെ പറഞ്ഞു.

പരാതിയില്ലെന്ന് ഇരുകൂട്ടരും അഞ്ചല്‍ പോലീസിനെ അറിയിക്കും. എന്നാല്‍ ഗണേഷിന്റെ മര്‍ദനമേറ്റ അനന്തകൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ചര്‍ച്ച നിശ്ചയിച്ചത് വാളകത്തെ ആര്‍. ബാലകൃഷ്ണപിള്ളയുടെ വസതിലായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബാലകൃഷ്ണപിള്ളയുടെ ഔദ്യോഗിക വാഹനത്തില്‍ ഗണേഷും പിളളയും എന്‍എസ്എസ് ഓഫീസിലെത്തുകയായിരുന്നു. ഈ സമയം പരാതിക്കാരി ഷീന, ഭര്‍ത്താവ് ഗോപാലക്യഷ്ണന്‍ നായര്‍, അനന്തക്യഷ്ണന്റെ അമ്മാവന്‍ന്മാര്‍ എന്നിവരും യൂണിയന്‍ ഓഫീസില്‍ എത്തിയിരുന്നു. അരമണിക്കൂര്‍  സമയം അടച്ചിട്ട മുറിയില്‍  ചര്‍ച്ച നടത്തി. പുറത്തിറങ്ങിയ ബാലകൃഷ്ണപിള്ളയും ഗണേഷും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ഇതിനിടെ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ഷീനയും ബന്ധുക്കളും മറ്റൊരു വാഹനത്തില്‍ പുറത്തേക്ക് പോവുകയും ചെയ്തു. 

സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ എന്‍എസ്എസിന്റെ പ്രാദേശിക നേതാക്കള്‍ ഒത്തുതീര്‍പ്പിനായി ഷീനയെ കണ്ടിരുന്നു. ഭര്‍ത്താവ് ഗോപാലക്യഷ്ണന്‍ നായര്‍ വിദേശത്ത് നിന്ന് എത്തിയതിന് ശേഷമാണ് ചര്‍ച്ചകള്‍ സജീവമായത്. അനന്തകൃഷ്ണന് വിദേശത്ത് പോകുന്നതിന് കേസ് ഒഴിവാക്കണമെന്ന ആവശ്യം ബന്ധുക്കള്‍ മുന്നോട്ടുവച്ചു. ഒത്തുതീര്‍ക്കാന്‍ താത്പ്പര്യമില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് ഗണേഷിന്റെ അനുയായികള്‍ കൂടി അറിയിച്ചതോടെ കുടുംബം സമ്മര്‍ദത്തിലായി. അമ്മയുടെ യോഗത്തിനിടയ്ക്കാണ് ഗണേഷ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.