ഇനി കശ്മീരിന് വേണ്ടത്

Monday 25 June 2018 1:08 am IST
ഇവിടെ നാം തിരിച്ചറിയേണ്ടത്, കശ്മീരുമായി ബിജെപിക്കുള്ള രക്തബന്ധമാണ്. പാക് അധീന കശ്മീര്‍ അടക്കം ഇന്ത്യയുടെ ഭാഗമായി കാണണം എന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. മറ്റൊന്ന്, കശ്മീര്‍ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ തീരുമാനിച്ചത് അന്ന് ആര്‍എസ്എസിന്റെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ സമയോചിതമായ ഇടപെടലുകൊണ്ടാണ് എന്നതാണ്.

മ്മു കശ്മീരില്‍ അനിവാര്യമായത് സംഭവിച്ചു; ബിജെപി - പിഡിപി സഖ്യ സര്‍ക്കാരിന് അവസാനമായി. ഇത് അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞുകൂടാ. തുടക്കം മുതല്‍ ഈ കൂട്ടുകെട്ടും സര്‍ക്കാരും എത്രനാള്‍ എന്ന് ചിന്തിച്ചവരാണ് അധികവും. അങ്ങിനെയൊരു ആശങ്കയ്ക്ക് കാരണമില്ല എന്നൊക്കെ പരസ്യമായി പറഞ്ഞിരുന്നപ്പോഴും രണ്ട് പാര്‍ട്ടികളും ആ വിധത്തില്‍ ചിന്തിച്ചിരുന്നു എന്നതും വസ്തുതയാണ്. അതില്‍ രണ്ടുപേരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആശയപരമായി, നിലപാടുകള്‍ സംബന്ധിച്ച് രണ്ട് ധ്രുവങ്ങളില്‍ അകന്നുനിന്നിരുന്നവരാണ് ഈ രണ്ടു പാര്‍ട്ടികള്‍. 

എന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്  കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടാവുകയും അതിനിടെ ഇങ്ങനെയൊന്ന് പരീക്ഷിച്ചാല്‍ എന്താണ് എന്ന തോന്നലുണ്ടാവുകയും ചെയ്തു. അത് മാത്രമായിരുന്നു കശ്മീരില്‍ അന്ന് ചെയ്യാനാവുമായിരുന്നത്. മറ്റൊരു കൂട്ടുകെട്ടും സാധ്യമായിരുന്നില്ലതാനും. എങ്കിലും പിഡിപിയും അതിന്റെ നേതാക്കളും എത്രയോ വട്ടം ഇത്തരമൊരു സഖ്യത്തെക്കുറിച്ചും അതിന്റെ വരും വരായ്കകളെക്കുറിച്ചും ചിന്തിച്ചിരിക്കും. 

അതുപോലെ തന്നെയാണ് ഇപ്പുറത്ത് ബിജെപിയിലും നടന്നിട്ടുണ്ടാവുക. കശ്മീര്‍ താഴ്വരയില്‍ വേരോട്ടമുള്ള ഒരു പാര്‍ട്ടി എന്ന നിലക്ക് പിഡിപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ ആ മേഖലയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്ന് ബിജെപി കരുതിയിരിക്കണം.  ബിജെപി എന്തൊക്കെയാണോ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ചത് അതിനെല്ലാമെതിരായി നിലകൊണ്ടവരാണ് പിഡിപിക്കാര്‍ എന്നതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ഇതിനായി പുറപ്പെട്ടത് അതുകൊണ്ടാണ്.

 അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ നിലകൊണ്ടവര്‍ക്കൊപ്പം അണിനിരക്കുകയായിരുന്നു എന്ന് വ്യക്തം. പൊതു മിനിമം അജണ്ടയൊക്കെ ഉണ്ടാക്കിയെങ്കിലും അവര്‍ക്ക് ഒന്നിച്ചുപോകാനായില്ല. ഇത്രകാലം മുന്നോട്ട് പോയത് തന്നെ ഭാഗ്യം. അവസാനം ഇനി ഇത് വയ്യ എന്ന് ബിജെപിക്ക് തീരുമാനിക്കേണ്ടിവന്നു. അതിനാണ് രാജ്യം കഴിഞ്ഞ ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. 

ക്രമസമാധാന നില തന്നെയായിരുന്നു പ്രധാന പ്രശ്‌നം. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത്  ഈ രംഗത്ത് കാര്യമായ മാറ്റമുണ്ടാകണം എന്നതായിരുന്നുതാനും. അതില്‍ നമുക്കെല്ലാമറിയുന്നത് പോലെ, രണ്ട് വശങ്ങളുണ്ട്. ഒന്ന്, ആഭ്യന്തര രംഗത്തുള്ള, അതായത് കശ്മീരിനകത്തുള്ള  പ്രശ്‌നങ്ങള്‍; രണ്ടാമത്തേത്, അതിര്‍ത്തികടന്നുള്ള ഭീകരവാദം. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേമനസോടെ നീങ്ങിയാല്‍ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലല്ലോ. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ ഒരു പരിധിവരെ തടയാനും നിയന്ത്രിക്കാനുമായി. കണക്കുകള്‍ അതാണ് കാണിച്ചുതരുന്നത്. 1988 മുതല്‍ 2018 (ജൂണ്‍ 10 ) വരെയുള്ള കണക്കുകളാണിത്. അക്കാലത്ത് സിവിലിയന്മാന്‍ കൊല്ലപ്പെട്ടത് 14,831 ആണ്; സുരക്ഷാ ചുമതലയുണ്ടായിരുന്നവര്‍ വീരമൃത്യു വരിച്ചത് 6,931; കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 23,444 ആണ്. 

അതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തേത് ഒന്ന് നോക്കൂ; അതായത് 2014-18 കാലഘട്ടത്തിലേത്; അത് യഥാക്രമം 159, 297, 699 എന്നിങ്ങനെയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തേത് (2004 മുതല്‍ 2013 വരെ) അത് യഥാക്രമം 1798, 1174, 4239 എന്നിങ്ങനെയും. യുപിഎ കാലത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഭേദപ്പെട്ടതായിരുന്നു നരേന്ദ്ര മോദിയുടെ ഭരണകാലം എന്ന് വ്യക്തമാവുന്നില്ലേ. അത് അവിടെ ഒരു ജനകീയ സര്‍ക്കാറുണ്ടായിരുന്നത് കൊണ്ടുകൂടിതന്നെയാണ്, സംശയമില്ല. 

പക്ഷേ ഇടക്കാലത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കും പാര്‍ട്ടിക്കും അവിടത്തെ മതമൗലിക വാദികളുടെയും മറ്റും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവാതെ വന്നു. അവരുടെ വോട്ട് ബാങ്ക് ചോരുന്നു എന്ന ആശങ്കയും അതിന് കാരണമായിട്ടുണ്ടാവണം. ശ്രീനഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായ കനത്ത പരാജയം ഒരു പക്ഷെ അവരെ ചിന്തിപ്പിച്ചിരിക്കണം. ഈ നിലപാട് മാറ്റം ബിജെപിയുമായി ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായിരുന്നു. ജാതിയും മതവുമൊക്കെ നോക്കി ഗുരുതരമായ കേസുകളിലെ  പ്രതികളെ ശിക്ഷിക്കാനും രക്ഷിക്കാനും സര്‍ക്കാരും പോലീസും നോക്കരുതല്ലോ. 

അതാവട്ടെ സുരക്ഷാ വിഭാഗങ്ങളിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പലവേളകളിലും, പ്രതിസന്ധിഘട്ടങ്ങളില്‍, സൈനികര്‍ക്ക് അവര്‍ ആഗ്രഹിച്ചത് പോലെ ഇടപെടാന്‍ കഴിയാത്ത സ്ഥിതിവന്നുചേര്‍ന്നു എന്നതും മറക്കാനാവില്ല. സൈനികര്‍ക്കെതിരെ കല്ലെറിയാനും അവരെ പരസ്യമായി ആക്രമിക്കാനുമൊക്കെ പുറപ്പെട്ടവരെ നേരിടാന്‍ തയ്യാറായപ്പോള്‍ സുരക്ഷാസേനക്കെതിരെ കേസെടുക്കാന്‍ കശ്മീര്‍ പോലീസ് തയ്യാറായത് വരെ നമ്മുടെ മുന്നിലുണ്ട്. 

അവസാനം സുപ്രീം കോടതി വരെ ഇടപെട്ട സംഭവമാണിത്. അത്തരം പ്രശ്‌നങ്ങളാണ് താഴ്വരയില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുന്നതില്‍ ചെന്നെത്തിയത്. റംസാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പോലും തിരിച്ചടിച്ചതല്ലേ നാം കണ്ടത്. ഇത്തരമൊരു വേളയില്‍ ഭരണമല്ല, അധികാരമല്ല പ്രധാനം അതിനേക്കാള്‍ രാജ്യതാല്പര്യത്തിനാണ് പരിഗണന നല്‍കേണ്ടത് എന്ന് ബിജെപി കരുതിയതില്‍ അതിശയമില്ലല്ലോ.  

ഇവിടെ നാം തിരിച്ചറിയേണ്ടത്, കശ്മീരുമായി ബിജെപിക്കുള്ള രക്തബന്ധമാണ്. പാക് അധീന കശ്മീര്‍ അടക്കം ഇന്ത്യയുടെ ഭാഗമായി കാണണം എന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. മറ്റൊന്ന്, കശ്മീര്‍ എന്ന നാട്ടുരാജ്യം   ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ തീരുമാനിച്ചത് അന്ന് ആര്‍എസ്എസിന്റെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ സമയോചിതമായ ഇടപെടലുകൊണ്ടാണ് എന്നതാണ്. 

പാക്കിസ്ഥാനില്‍ ലയിക്കാനുള്ള സമ്മര്‍ദ്ദം, സ്വതന്ത്രമായി നില്‍ക്കാനുള്ള അഭിനിവേശം എന്നിവയൊക്കെയാണ് 1947 കാലഘട്ടത്തില്‍ കശ്മീരിലെ ഹരി സിങ് മഹാരാജാവിനെ അലട്ടിയിരുന്നത്. അന്ന്  ഗുരുജിഗോള്‍വാള്‍ക്കറാണ് ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഏറ്റവും യോഗ്യനെന്ന് സര്‍ദാര്‍ പട്ടേല്‍ തിരിച്ചറിഞ്ഞു. ഗുരുജിക്ക് കശ്മീര്‍ മഹാരാജാവുമായുള്ള നല്ല ബന്ധമായിരുന്നു അതിന് കാരണം. പട്ടേല്‍ ആവശ്യപ്പെട്ടപ്രകാരം അദ്ദേഹം കശ്മീരിലേക്ക് പോയി. 

ഗുരുജിയുടെ ഉപദേശമനുസരിച്ചാണ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ മഹാരാജാവ് അന്ന് തയ്യാറായത്. അതുകഴിഞ്ഞ്, ഭരണഘടനയില്‍ അനുഛേദം-370 എഴുതിച്ചേര്‍ത്തതിനെതിരെ ജനസംഘം സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ ധീരോദാത്തമായ സമരം. കശ്മീരില്‍ ചെന്ന് സമരം ചെയ്ത് അവിടത്തെ ജയിലില്‍ കിടന്ന് ശ്യാമപ്രസാദ് മുഖര്‍ജി മരിക്കുകയായിരുന്നുവല്ലോ. ഇതൊക്കെ ബിജെപിക്ക് ആ സംസ്ഥാനവുമായുള്ള ബന്ധത്തിന്റെ കഥകളാണ് ചൊല്ലിത്തരുന്നത്. 

അവിടെ യാതൊരാപകടവും സംഭവിക്കരുത് എന്നതാണ് എന്നും ബിജെപി ആഗ്രഹിച്ചിട്ടുള്ളത്. അനുഛേദം- 370 നീക്കം ചെയ്യണം എന്ന ആവശ്യം  ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത് ബിജെപി മാത്രമാണല്ലോ. പാര്‍ലമെന്റില്‍, ഇരു സഭകളിലും, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചാല്‍ അത് പ്രാവര്‍ത്തികമാവും എന്ന് തന്നെവേണം കരുതാന്‍. ഇന്നുള്ള തടസ്സം പാര്‍ലമെന്റിലെ ആ പിന്തുണയുടെ അഭാവം തന്നെയാണ് എന്നര്‍ത്ഥം.    

ഇനി എന്താണ് കശ്മീരില്‍ നടക്കാന്‍ പോകുന്നത് എന്നത് പൊതുവായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അവിടെ വേണമെങ്കില്‍ ബിജെപി വിരുദ്ധര്‍ക്ക് ഒന്നിച്ചുകൂടി സര്‍ക്കാരുണ്ടാക്കാം; പിഡിപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവ ചേര്‍ന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷമാവുകയും ചെയ്യും. പക്ഷെ അതിനുള്ള സാദ്ധ്യതകള്‍ അവരില്‍ പലരും ഇതിനകം തള്ളിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് ഗവര്‍ണര്‍ ഭരണത്തിലേക്ക് കാര്യങ്ങളെത്തിയത്. യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണമാണ് ഇനിയവിടെ നടക്കുക എന്നത് പറയേണ്ടതില്ലല്ലോ; സാങ്കേതികമായി ഗവര്‍ണറാണ് ഭരണാധികാരി എങ്കിലും അതാണ് വസ്തുത.

 കേന്ദ്രത്തിനും ബിജെപിക്കും ഇത് വലിയ വെല്ലുവിളി തന്നെയാണ്. അമര്‍നാഥ് തീര്‍ത്ഥാടനം ഈ മാസാവസാനം തുടങ്ങുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കെതിരെ നടന്ന ഭീകരാക്രമണങ്ങള്‍ മറന്നുകൂടല്ലോ. മറ്റൊന്ന് കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസമാണ്. അക്കാര്യത്തില്‍ തീരുമാനമായതാണ്; കര്‍മ്മ പദ്ധതിയും ആവിഷ്‌ക്കരിച്ചു. പക്ഷേ പാക് ഭീകരരും ഹുറിയത് പോലുള്ളവരും അതിനെ എതിര്‍ക്കുകയാണ്. സ്വന്തം നാട്ടില്‍ നിന്ന് ജീവനും കൊണ്ട് ഓടിപ്പോകേണ്ടിവന്ന പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക എന്നത് ഈ കാലയളവില്‍ നടക്കുകതന്നെവേണം. 

അതിര്‍ത്തി കടന്നുള്ള ഭീകരവാദം കുറെയൊക്കെ നിയന്ത്രിക്കാന്‍ ഇതിനകമായിട്ടുണ്ട്; പക്ഷെ അത് അവസാനിച്ചിട്ടില്ല. തീര്‍ച്ചയായും കശ്മീരിലുള്ള തീവ്രവാദികളെയും നുഴഞ്ഞുകയറി വരുന്നവരെയും ശക്തമായി നേരിടേണ്ടതും പ്രധാനമാണ്. ഭീകരരര്‍ക്ക് മതമില്ല ജാതിയില്ല, അവരെ  ഭീകരരായി മാത്രം കണ്ട് നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതും നമുക്ക് കാണാനാവും എന്ന് വേണം കരുതാന്‍. ഇതിനൊക്കെയിടയില്‍ പിഒകെയിലൂടെ ചൈന തങ്ങളുടെ സ്വപ്‌ന പദ്ധതിനടപ്പിലാക്കാന്‍ ഒരുങ്ങുന്നതും കാണാതെ പോകാനാവില്ലല്ലോ. കശ്മീരില്‍, കശ്മീരി ജനതയുടെ ഹൃദയത്തില്‍, സമാധാനവും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കലാവും ഈ കാലഘട്ടത്തില്‍ നടക്കുക എന്ന് ചുരുക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.