വിദ്യാഭ്യാസത്തിന് വിലപേശുന്ന ഇടനിലക്കാര്‍

Monday 25 June 2018 1:10 am IST

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ഇതരസംസ്ഥാന കോളേജുകളുടെ ഇടനിലക്കാര്‍ രംഗത്തെത്തിയിരിക്കുന്ന സമയമാണിത്. കേരളത്തിന് പുറത്തുള്ള കോളജുകളില്‍ ഏത് കോഴ്‌സുകള്‍ക്കും പ്രവേശനം നല്‍കാമെന്ന ഉറപ്പ് നല്‍കിയാണ് ഇടനിലക്കാര്‍ രക്ഷിതാക്കളെ സമീപിക്കുന്നത്. ഉപരിപഠനത്തിന് അഡ്മിഷന്‍ പൂര്‍ത്തിയായതിന് ശേഷം മിക്കതും അടച്ചുപൂട്ടുകയാണ് പതിവ്. 

പിന്നീട് ഇവരെക്കുറിച്ച് ഒരുവിവരവും ലഭിക്കില്ല. ഇങ്ങനെ പല വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കബളിപ്പിക്കപ്പെടുന്നു.

 ചാരിറ്റബിള്‍ സൊസൈറ്റികളുടെയും മറ്റും പേരിലായിരിക്കും അഡ്മിഷന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റ് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഈ ഇടനിലക്കാര്‍ ഉറപ്പുനല്‍കും. എന്നാല്‍, വളരെ പ്രതീക്ഷയോടെ ഇവരെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത്തരം സംഘങ്ങളുടെ വലയില്‍ വീണുപോകുന്നു. 

പിന്നീടാണ് തങ്ങള്‍ക്ക് പറ്റിയ അമളി ഇവര്‍ക്ക് മനസ്സിലാവുക. പിന്നീട് പല കുട്ടികള്‍ക്കും അവരുടെ പഠനം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വരികയും ഇടനിലക്കാര്‍ക്ക് നല്‍കിയ പണം നഷ്ടപ്പെടുകയുമാണ് പതിവ്. സ്ഥാപനങ്ങളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുകളും തരപ്പെടുത്തിയാണ് ഇടനിലക്കാര്‍ രക്ഷിതാക്കളെയും കുട്ടികളെയും സമീപിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോളജുകളില്‍ പ്രവേശനം ഉറപ്പാക്കുമെന്നാണ് പറയുന്നത്. 

വിദ്യാഭ്യാസ വായ്പയും ഉറപ്പാക്കുമത്രെ. എന്നാല്‍, അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നവര്‍ക്കും അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ക്കും ബാങ്ക് വായ്പ ലഭിക്കില്ല. പല കുട്ടികളുടെയും സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ വാങ്ങും. പിന്നീട് ഇതു വച്ചാകും ഇവരുടെ വിലപേശല്‍. മുന്‍ കാല അനുഭവങ്ങള്‍ പലതും ഉണ്ടെങ്കിലും ഇവരുടെ വാക്കുകളില്‍ വീണുപോവുകയാണ് സമൂഹം ഇപ്പോഴും. ഇത്തരം സംഘങ്ങള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാരുകള്‍ക്കും സമൂഹത്തിനും കഴിയണം. 

ശരണ്യ, ശാസ്താംകോട്ട

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.