എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച എബിവിപിയുടെ വളര്‍ച്ച

Monday 25 June 2018 1:18 am IST

ശാസ്താംകോട്ട: കലാലയങ്ങളില്‍ എബിവിപി ശക്തമായ സ്വാധീനം ഉറപ്പിച്ചുവരുന്നതായി എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച. 

കെഎസ്‌യുവിന്റെ സ്വാധീനം കുറയുന്നുണ്ട്. എഐഎസ്എഫ് നാമമാത്രമായി. എസ്എഫ്‌ഐയെ പൊതുസമൂഹത്തില്‍ താറടിക്കുക മാത്രമാണ് എഐഎസ്എഫ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഏക സംഘടനാ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

എബിവിപിയുടെ മുന്നേറ്റമാണ് പ്രധാനമായും പ്രതിനിധികള്‍ അക്കമിട്ട് നിരത്തിയത്. പല ജില്ലകളിലും സ്‌കൂളുകളില്‍ എസ്എഫ്‌ഐയെ കവച്ചുവെക്കാന്‍ എബിവിപിക്കായി. പ്രദേശത്തെ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ഇടപെടലും രക്ഷാബന്ധന്‍ പോലുള്ള പരിപാടികളും എബിവിപിക്ക് സ്‌കൂളുകളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ കാരണമായി.

എഐഎസ്എഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇടതുഐക്യത്തിന് ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനമാണ് എഐഎസ്എഫിന്റേത്. എസ്എഫ്‌ഐ ആണ് അവരുടെ മുഖ്യശത്രു. ഇത്രയുംനാള്‍ കോളേജുകളില്‍ എഐഎസ്എഫ് പിടിച്ചുനിന്നതും യൂണിയന്‍ നേതാക്കളുണ്ടായതും എസ്എഫ്‌ഐയുടെ പിന്തുണയിലാണ്. ഇനി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും എഐഎസ്എഫിന് പിന്തുണ കൊടുക്കേണ്ട എന്ന പൊതുനിലപാട് സമ്മേളനം കൈക്കൊള്ളണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

 എബിവിപിയുടെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടാന്‍ എല്ലാ മേഖലകളിലും എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തത്ത്വത്തില്‍ തീരുമാനമായി. 25 വയസ് എന്ന പ്രായപരിധി ലോക്കല്‍ കമ്മിറ്റികളില്‍ ബാധകമാക്കേണ്ടെന്ന നിര്‍ദേശമുണ്ടായി. 

പ്രായപരിധി 25 ആക്കിയെങ്കിലും പക്വതയുള്ള നേതാക്കള്‍ നേതൃനിരയിലേക്കെത്തുന്ന സാഹചര്യമുണ്ടാകണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പ്രായപരിധി കര്‍ശനമാക്കിയാല്‍ സംസ്ഥാന കമ്മിറ്റിയിലേയും സെക്രട്ടറിയേറ്റിലേയും മഹാഭൂരിപക്ഷം അംഗങ്ങള്‍ക്കും സ്ഥാനമൊഴിയേണ്ടിവരും. 

സംസ്ഥാനത്തെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഡിവൈഎഫ്‌ഐ സംഘടനാസംവിധാനത്തെ ശക്തമാക്കാനാണ് പ്രായപരിധി നിയന്ത്രിച്ചുള്ള പാര്‍ട്ടിയുടെ പുതിയ നിര്‍ദേശമെന്ന് സംസ്ഥാന നേതാക്കള്‍ ചര്‍ച്ചയില്‍ വിശദീകരിച്ചെങ്കിലും വിമര്‍ശനത്തിന് കുറവുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.