സ്വാതന്ത്ര്യത്തിന്റെ രാവാഘോഷിച്ച് സൗദി വനിതകള്‍

Monday 25 June 2018 1:24 am IST
സൗദിയില്‍ സ്ത്രീകള്‍ക്കും കാറോടിക്കാനുള്ള അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തിലായത് ജൂണ്‍ 23ന്. അന്നു രാത്രി പുലരുവോളം സൗദിയിലെ നിരത്തിലൂടെ നിറഞ്ഞൊഴുകിയത് സ്ത്രീകളോടിച്ച കാറുകളായിരുന്നു. ഡ്രൈവിങ്ങ് സീറ്റിലിരുന്ന്, വിജയ സൂചകമായി പെരുവിരലുയര്‍ത്തി നിറഞ്ഞ ചിരിയുമായി പകര്‍ത്തിയ പെണ്‍ചിത്രങ്ങള്‍ സൗദിയിലെ സമൂഹമാധ്യമങ്ങളിലെല്ലാം പെരുകി.

റിയാദ്: സൗദിയിലെ ഓരോ വനിതയ്ക്കും അത് ചരിത്രമുഹൂര്‍ത്തമായിരുന്നു. പക്ഷിയെപ്പോലെ സ്വതന്ത്രരെന്ന് സ്വയം വിശേഷിപ്പിച്ച് ഒരു രാവുമുഴുവന്‍ അവര്‍ തിമിര്‍ത്താഘോഷിച്ചു. പിന്‍സീറ്റുകളുപേക്ഷിച്ച്, വളയം പിടിച്ച് സ്വാതന്ത്ര്യത്തിന്റെ പുതു ചരിത്രമെഴുതിയതിന്റെ ആഹ്ലാദം. യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും സധൈര്യം കാറോടിക്കാം. ശിക്ഷയില്ല. പകരം നിയമ പരിരക്ഷയുണ്ട്. കാറോടിക്കാന്‍ വീട്ടിലെ പുരുഷന്മാരെ കൂടെ കൂട്ടേണ്ടതില്ല. ഡ്രൈവര്‍മാരെയും നിയമിക്കേണ്ട.  

സൗദിയില്‍ സ്ത്രീകള്‍ക്കും കാറോടിക്കാനുള്ള അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തിലായത് ജൂണ്‍ 23ന്. അന്നു രാത്രി പുലരുവോളം സൗദിയിലെ നിരത്തിലൂടെ നിറഞ്ഞൊഴുകിയത് സ്ത്രീകളോടിച്ച കാറുകളായിരുന്നു. ഡ്രൈവിങ്ങ് സീറ്റിലിരുന്ന്, വിജയ സൂചകമായി പെരുവിരലുയര്‍ത്തി നിറഞ്ഞ ചിരിയുമായി പകര്‍ത്തിയ  പെണ്‍ചിത്രങ്ങള്‍ സൗദിയിലെ സമൂഹമാധ്യമങ്ങളിലെല്ലാം പെരുകി. 

'മഹത്തായ നേട്ടമാണിത്. സ്ത്രീള്‍ക്കിനി അവരുടേതായ സ്വാതന്ത്ര്യമുണ്ട്.' മകളോടിച്ച എസ്‌യുവി കാറില്‍ കൊച്ചുമക്കള്‍ ആഹ്ലാദിക്കുന്ന കാഴ്ച വിശേഷിപ്പിച്ച് സൗദി രാജകുമാരന്‍ അല്‍വഹീദ് ബിന്‍ തലാല്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു നാള്‍, എന്നെങ്കിലും വരുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഇത്ര വേഗം യാഥാര്‍ഥ്യമാകുമെന്ന് കരുതിയില്ലെന്ന് പറയുന്നത് എഴുത്തുകാരി സമര്‍ അല്‍മോഗ്രന്‍. ബഹ്‌റിന്റെ അതിര്‍ത്തിയോളം കാറോടിച്ച്, പതിച്ചുകിട്ടിയ സ്വാതന്ത്ര്യം പക്ഷിയെപ്പോലെ ആഘോഷിക്കുകയാണ് ടെലിവിഷന്‍ അവതാരക സബീകാ അല്‍ ദൊസാറി. 

സൗദിയിലെ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണപരിഷ്‌കാരങ്ങളില്‍ ലോകശ്രദ്ധ നേടിയത് കാറോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയ പ്രഖ്യാപനമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.