കാര്‍ഷിക വായ്പാ തട്ടിപ്പ്: സന്നദ്ധ സംഘടനകള്‍ സംശയനിഴലില്‍

Monday 25 June 2018 1:30 am IST

ആലപ്പുഴ: കുട്ടനാട്ടിലെ കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ നബാര്‍ഡ് ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. പാട്ടക്കൃഷിയുടെ മറവിലും തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചും സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വ്യാജസംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണ്.

  ഭൂരിപക്ഷം സംഘടനകളുടെയും പിന്നില്‍  ക്രൈസ്തവ സഭകളോ, സഭാ വിശ്വസ്തരോ ആണ്.  തരിശുപാടങ്ങളില്‍ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. തരിശുപാടങ്ങളില്‍ കൃഷിക്കായി ആദ്യം കൃഷി വകുപ്പിനെ സമീപിക്കും. അനുമതി ലഭിച്ചാല്‍ പാടം കൃഷിക്കായി തയ്യാറാക്കി വിത്തു വിതച്ച് കൃഷി ആരംഭിക്കും. അതിനു ശേഷം തിരിഞ്ഞു നോക്കില്ല. വെള്ളത്തിന്റെ കുറവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള കാരണങ്ങളാല്‍ കൃഷി നശിച്ചതായി പ്രചരിപ്പിച്ച് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കും.

കാര്‍ഷിക വായ്പാത്തട്ടിപ്പിന് നേതൃത്വം നല്‍കിയ കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്. ആഗസ്തില്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങിന് ഫാ. പീലിയാനിക്കലിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കുകയും ചെയ്തിരുന്നു. 

  വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലും അക്കൗണ്ടന്റ് ത്രേസ്യാമ്മയും തട്ടിപ്പിന് നേതൃത്വം നല്‍കിയെന്ന് വ്യക്തമായിട്ടും വികസന സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. 

ചങ്ങനാശ്ശേരി അതിരൂപത കുട്ടനാട് വികസന സമിതിക്ക് പുതിയ ഡയറക്ടറെ നിയോഗിക്കുകയും പ്രവര്‍ത്തനം തുടരുകയും ചെയ്യുമ്പോള്‍ തട്ടിപ്പ് സംബന്ധിച്ച രേഖകള്‍ നശിപ്പിക്കപ്പെടുമെന്ന് വ്യക്തമാണ്. 

രണ്ടു പതിറ്റാണ്ടായി കര്‍ഷകരെ മറയാക്കി ബാങ്കുകളില്‍ നിന്ന് തരപ്പെടുത്തിയ വായ്പകളെക്കുറിച്ചും യാതൊരു അന്വേഷണവുമില്ല. ഇപ്പോള്‍ അറസ്റ്റിലായ പുരോഹിതനിലും പ്രതികളിലും അന്വേഷണം അവസാനിപ്പിച്ച് കുട്ടനാട് വികസന സമിതിയെയും ചങ്ങനാശ്ശേരി അതിരൂപതയേയും വെള്ളപൂശാനുള്ള ശ്രമമാണ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.