'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്

Monday 25 June 2018 1:31 am IST

തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് 'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് മണ്ണാര്‍കാട് പഴേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സഹകരണ മന്ത്രിയാണ് മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും വായ്പ നല്‍കും. വായ്പക്കാരനില്‍ നിന്നും 12 ശതമാനം പലിശ (നൂറുരൂപക്ക് പ്രതിമാസം ഒരു രൂപ) മാത്രമാണ് ഈടാക്കുക. ഇതില്‍നിന്നും ഒന്‍പതുശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. 

ബാക്കി കുടുംബശ്രീ യൂണിറ്റുകള്‍ക്ക്/വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിന് അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാം. പരമാവധി ഒരു വര്‍ഷമാണ് (52 ആഴ്ചകള്‍) തിരിച്ചടയ്ക്കാനുള്ള കാലപരിധി. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബുവും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.