ലോകമീറ്റില്‍ പങ്കെടുക്കാന്‍ സുമനസ്സുകളുടെ സഹായം കാത്ത് കായിക താരം

Monday 25 June 2018 1:32 am IST
സപ്തംബറില്‍ സ്‌പെയിനില്‍ നടക്കുന്ന ലോക മീറ്റില്‍ മത്സരിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ തുക കണ്ടെത്താന്‍ രാജേഷിന് ആയിട്ടില്ല. മൂന്ന് ലക്ഷത്തോളം രൂപ ഏജന്‍സിയില്‍ കെട്ടിവെയ്ക്കുന്നതിനുള്ള തീയതി അടുത്തിരിക്കുകയാണ്.

പാലക്കാട്: പ്രാരാബ്ധങ്ങള്‍ക്കിടയിലും രാജ്യത്തിനായി മെഡല്‍ വാരിക്കൂട്ടിയ താരം സുമനസ്സുകളുടെ സഹായം തേടുന്നു. മാസ്‌റ്റേഴ്‌സ് മീറ്റിലെ ദേശീയ ചാമ്പ്യന്‍ ബി. രാജേഷാണ് സപ്തംബറില്‍ സ്‌പെയിനില്‍ നടക്കുന്ന ലോക മീറ്റില്‍ മത്സരിക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെ സഹായം തേടുന്നത്. 

പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ രാജേഷ് പുസ്തകം വിറ്റ് കിട്ടുന്ന തുച്ഛവരുമാനം സ്വരുക്കൂട്ടിവെച്ചാണ് ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്തത്.  4ഃ100 റിലേയില്‍ വെള്ളിയും, ലോഗ്ജംമ്പില്‍ ലോകമീറ്റിനുള്ള യോഗ്യതയും നേടി. മൂന്നുവര്‍ഷമായി മാസ്‌റ്റേഴ്‌സ് മീറ്റില്‍ തുടര്‍ച്ചയായി മത്സരിച്ച് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാണ്. കഴിഞ്ഞവര്‍ഷം സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ 100 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയെങ്കിലും വിസാപ്രശ്‌നം മൂലം 2016ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകമീറ്റില്‍ പങ്കെടുക്കാനായില്ല.  

സപ്തംബറില്‍  സ്‌പെയിനില്‍ നടക്കുന്ന ലോക മീറ്റില്‍ മത്സരിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ  തുക കണ്ടെത്താന്‍ രാജേഷിന് ആയിട്ടില്ല. മൂന്ന് ലക്ഷത്തോളം രൂപ ഏജന്‍സിയില്‍ കെട്ടിവെയ്ക്കുന്നതിനുള്ള തീയതി അടുത്തിരിക്കുകയാണ്. ജൂലൈ 31ന് മുമ്പ് തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ഏജന്‍സിയില്‍ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്. ആദ്യഗഡു നല്‍കേണ്ട തീയതി കഴിഞ്ഞെങ്കിലും ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചിട്ടും നല്ലൊരു ജോലിയോ വരുമാനമാര്‍ഗമോ മുപ്പത്തിയെട്ടുകാരനായ രാജേഷിനെ തേടിയെത്തിയില്ല. പുസ്തകം വിറ്റുകിട്ടുന്ന വരുമാനത്തിന്റെ  ഒരുഭാഗം എഴുപതോളം കുട്ടികളുടെ പരിശീലനത്തിനായി ഉപയോഗിക്കുന്നുമുണ്ട്. 

സപ്തംബറില്‍ സ്‌പെയിനില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിന് വേണ്ടി വരുന്ന തുക കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി എംപിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 

ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ഇദ്ദേഹത്തിന് സുമനസ്സുകളുടെ സഹായം കൂടിയേ  തീരൂ.  ഫോണ്‍:9895557007.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.