തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; മുഴുവന്‍ മണ്ഡലങ്ങള്‍ക്കും പ്രഭാരി

Monday 25 June 2018 1:34 am IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ചുമതല (പ്രഭാരി)ക്കാരെ നിയോഗിക്കും. ഇതിന് പുറമെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി പതിനൊന്നംഗ സമിതിയെയും ചുമതലപ്പെടുത്തും. ആദ്യമായാണ് ബിജെപി  മുഴുവന്‍ മണ്ഡലങ്ങള്‍ക്കും പ്രഭാരിമാരെ നിശ്ചയിക്കുന്നത്. മണ്ഡലത്തിന് പുറത്തുള്ളവരായിരിക്കും പ്രഭാരിമാര്‍. 

എല്ലാ മണ്ഡലങ്ങളിലും സമൂഹമാധ്യമം, മാധ്യമം, നിയമം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മൂന്ന് പേരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത് നിരീക്ഷിക്കാന്‍ രണ്ട് പേരെയും നിശ്ചയിക്കും. സംസ്ഥാന തലത്തിലുള്ള സമിതിക്ക് പതിമൂന്നോളം വിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കാനുണ്ടാകും. സാമൂഹ്യ രാഷ്ട്രീയ സാഹചര്യം, പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍, സഖ്യത്തിനുള്ള സാധ്യതകള്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യപ്പെടുന്നവരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അമിത് ഷാ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ആരംഭിച്ചു. ഈ മാസം പത്തിന് ഛത്തീസ്ഗഡ് സന്ദര്‍ശിച്ചാണ് അദ്ദേഹം പര്യടനത്തിന് തുടക്കമിട്ടത്. ആസാമും ജമ്മു കശ്മീരും സന്ദര്‍ശിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ അമിത് ഷാ എത്തുന്നതിനു മുന്‍പ് തയാറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് പാര്‍ട്ടിയെന്ന് നേതാക്കള്‍ വ്യക്തമാക്കി. പ്രവര്‍ത്തനം നേരത്തെ തുടങ്ങിയാല്‍ ശക്തിയും ദൗര്‍ബല്യവും മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കും. 2014ലേക്കാള്‍ വലിയ വിജയമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്, നേതാക്കള്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.