സിപിഎം സഹകരണ സംഘം വക നാലമ്പല യാത്ര പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നു

Monday 25 June 2018 1:35 am IST

കണ്ണൂര്‍: സിപിഎം സഹകരണ സംഘം വക നാലമ്പല തീര്‍ത്ഥയാത്ര പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നു. സിപിഎം നിയന്ത്രണത്തില്‍ തളിപ്പറമ്പ് ധര്‍മ്മശാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണസംഘം 'കല്‍കൊ'യാണ് നാലമ്പല ദര്‍ശന തീര്‍ത്ഥാടന പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്. 

 കര്‍ക്കിടക മാസത്തില്‍ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിലേക്കാണ് സൊസൈറ്റി തീര്‍ഥയാത്ര സംഘടിപ്പിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നോട്ടീസ് പുറത്തിറക്കി. ഹൈന്ദവ വിശ്വാസ പ്രകാരം കര്‍ക്കിടകമാസത്തിലെ നാലമ്പല യാത്ര ഏറെ പുണ്യമായ കാര്യമാണ്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള സംഘം ക്ഷേത്രദര്‍ശനത്തിന് ആളുകളെ കൊണ്ടു പോകാന്‍ ഒരുങ്ങുന്നത് സജീവ ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സൊസൈറ്റി നടത്തുന്ന ഈ തീര്‍ഥയാത്രയെ എങ്ങനെ ന്യായീകരിക്കുമെന്നുള്ള ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. വിശ്വാസത്തെ കച്ചവടക്കണ്ണിലൂടെ ലാഭമുണ്ടാക്കാനുളള മാര്‍ഗ്ഗമായി തെരഞ്ഞെടുത്ത സൈസൈറ്റിയുടെ നടപടിയും പ്രതിഷേധത്തിന് കാരണണായിട്ടുണ്ട്.

 നേരത്തേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി കഴിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ റിപ്പോര്‍ട്ട് അവതരിപ്പിച്ച സംഭവം ഉണ്ടായിരുന്നു. ഇതേ പാര്‍ട്ടി സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും നാട്ടിലെ പാര്‍ട്ടി സൊസൈറ്റി തന്നെയാണ് നേതൃത്വത്തിന്റെ അറിവോടെ തീര്‍ത്ഥയാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസികളിലേക്ക് കടന്നു കയറാനുളള പാര്‍ട്ടി നീക്കത്തിന്റെ ഭാഗമാണ് പുതിയ 'തീര്‍ത്ഥയാത്രയും' എന്നാണ് സൂചന.  പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ ഭക്തിയും വിശ്വാസവും അനുദിനം വര്‍ദ്ധിച്ചു വരികയും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് തിരിച്ചറിയുകയും ചെയ്തതോടെ ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുളള തളിപ്പറമ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.