വായനാ പക്ഷാചരണവും പുരാരേഖാ പ്രദര്‍ശനവും സംഘടിപ്പിച്ചു

Sunday 24 June 2018 11:03 pm IST

 

കണ്ണൂര്‍: ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച വായനപക്ഷാചാരണവും പുരാരേഖാ പ്രദര്‍ശനവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്ലാവര്‍ക്കും സാക്ഷരതയും അറിവും ഉറപ്പവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമൂഹം വായനയിലേക്ക് തിരിച്ചുവരേണ്ടത് അനിവാര്യമാണെന്നും ഭാഷയുടെയും സംസ്‌കാരത്തിന്റെയും മാഹാത്മ്യം മുറുകെപിടിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേയര്‍ ഇ.പി.ലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് വായനാ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് മലയാളഭാഷ പരിണാമവും വളര്‍ച്ചയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. 

സാക്ഷരത മിഷന്‍ പുരാരേഖ വകുപ്പുമായി ചേര്‍ന്ന് തയ്യാറാക്കിയ പുരാരേഖാപ്രദര്‍ശനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ പുരാരേഖ സര്‍വേയിലൂടെ ശേഖരിച്ച പുരാരേഖകളില്‍ പ്രധാനപ്പെട്ടവ ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം. ഇ.കെ.നായനാരുടെ പ്രത്യേക ശേഖരങ്ങളിലുണ്ടായിരുന്ന ജാതകം, ഫോട്ടോ ആല്‍ബം, ഡയറി തുടങ്ങിയവ കൗതുകമുണര്‍ത്തി. ഇവ കൂടാതെ പഴയ നാണയ ശേഖരം, പുസ്തകങ്ങള്‍, പത്രം, ഫലകങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നു.

സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ്ബാബു, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.