പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച:പുതിയങ്ങാടി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

Sunday 24 June 2018 11:04 pm IST

 

പഴയങ്ങാടി: പട്ടാപ്പകല്‍ പഴയങ്ങാടിയിലെ അല്‍ഫത്തീബി ജ്വല്ലറി കുത്തിത്തുറന്ന് 2.880 കിലോ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ജ്വല്ലറി കവര്‍ച്ചയിലെ സൂത്രധാരനും റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി മൊട്ടാബ്രം സ്വദേശി ചോട്ടാ റഫീഖ് എന്ന എ.പി.റഫീഖ് (41), പുതിയങ്ങാടി പോസ്‌റ്റോഫിസിന് സമീപത്തെ കെവിഎന്‍ ഡക്കറേഷന്‍ ഉടമ കെ.വി.നൗഷാദ് (36) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ പഴയങ്ങാടി എസ്‌ഐ പി.എ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്. റഫീഖിനെ പുതിയവളപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും നൗഷാദിനെ മാട്ടൂലിലെ ഭാര്യ വീട്ടില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്. 

രണ്ടുദിവസം മുന്‍പ് പൊലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും മോഷണമുതലുകളും പുതിയവളപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മാട്ടൂലിലെ നൗഷാദിന്റെ ഭാര്യ വീടിനോട് ചേര്‍ന്ന ഓവുചാലിന്റെ സമീപത്ത് കുഴിച്ചിട്ട നിലയിലും കണ്ടെടുത്തു. 

കവര്‍ച്ച നടന്ന അടുത്ത ദിവസം തന്നെ സ്വര്‍ണ്ണവും പണവും ഇവര്‍ വീതം വെച്ചിരുന്നു. അല്‍ഫത്തീബിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയെന്നായിരുന്നു ജ്വല്ലറി ഉടമയുടെ മൊഴി. എന്നാല്‍ പ്രതികളില്‍ നിന്ന് 2.880 കിലോ സ്വര്‍ണമാണ് കിട്ടിയത്. പ്രതികളുടെ മൊഴി കണക്കിലെടുത്ത് ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിച്ചപ്പോള്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലായി. 2.880 കിലോയാണ് നഷ്ടപ്പെട്ടതെന്ന് ഉടമ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ കവര്‍ച്ചയ്ക്ക് പുറമെ പഴയങ്ങാടി മേഖലയില്‍ നേരത്തെ നടന്ന മറ്റ് ആറ് വന്‍കവര്‍ച്ചകളിലും ഇവര്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. അല്‍ഫത്തീബി ജ്വല്ലറിയില്‍ റംസാന്റെ അവസാന വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ അടച്ച തക്കത്തില്‍ പൂട്ടുപൊളിച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. ജ്വല്ലറി ഉടമയായ എ.പി.ഇബ്രാഹിമും ജീവനക്കാരും ജ്വല്ലറി അടച്ച് പള്ളിയില്‍ ജുമാ നമസ്‌കരിക്കാന്‍ അടുത്തുള്ള പള്ളിയില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.