ബാലഗോകുലം പൈതൃകത്തിന്റെ പാല്‍ക്കുടം: കൂമുളളി

Sunday 24 June 2018 11:04 pm IST

 

മട്ടന്നൂര്‍: പൈതൃകത്തിന്റെ പാല്‍ക്കുടമാണ് ബാലഗോകുലമെന്നും ആ പാല്‍ക്കുടം നുകരുവാന്‍ ബാലികാ ബാലന്‍മാര്‍ തയ്യാറകണമെന്നും പ്രമുഖ സാഹിത്യകാരനും ബാലഗോകുലം ജില്ലാ രക്ഷാധികാരിയുമായ ഡോ കൂമുള്ളി ശിവരാമന്‍. മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ ബാലഗോകുലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗയുടെ തുടക്കമായി ചൊല്ലുന്ന മംഗള സൂക്തം ഋഗ്വേദത്തിലേതാണെന്നും അതുകൊണ്ട് അതിന് ഹൈന്ദവ പൈതൃകം അവകാശപ്പെടാനാവില്ലെന്നും യോഗദിനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് അപഹാസ്യമാണ്. വേദാതീതകാലത്തും ആര്‍ഷ പൈതൃകവും യോഗവിദ്യയും ഇവിടെ ആവിര്‍ഭവിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഇതിനെ ഹൈന്ദവ ധര്‍മ്മമെന്നാണ് വിളിക്കുന്നത്. യോഗയുടെ പൈതൃകം ഭാരതത്തിനും ഹിന്ദുത്വത്തിനും മാത്രമാണെന്ന് യുനെസ്‌കൊ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ അംഗീകരിച്ചതാണ്. ഭാരതീയതേയും ഹിന്ദുത്വത്തേയുമാണ് തലതിരിഞ്ഞ പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയെപ്പോലുള്ളവര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഇത് ഹൈന്ദവ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംസ്ഥാന കലോത്സവ പ്രതിഭ അമര്‍നാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ കുഞ്ഞിനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി വാടിക്കല്‍ അര്‍ജ്ജുന ബാലഗോകുലം തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക 'ധ്വനി' സ്മിത വത്സലന് നല്‍കിക്കൊണ്ട് ഡോ.കൂമുള്ളി ശിവരാമന്‍ പ്രകാശനം ചെയ്തു. ജില്ലാ കാര്യദര്‍ശി ഷിനോജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍, കണ്ണൂര്‍ മേഖലാ സമിതിയംഗം എം.അശോകന്‍ മാസ്റ്റര്‍, മേഖല അധ്യക്ഷന്‍ എ.പി.സുരേഷ് ബാബു എന്നിവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ പി.സജീവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.