പ്രകൃതിക്ഷോഭം: നാശനഷ്ടക്കണക്ക് വൈകുന്നത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു

Sunday 24 June 2018 11:05 pm IST

 

കണ്ണൂര്‍: പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടം തിട്ടപ്പെടുത്താനുള്ള അധികാരം റവന്യൂ വകുപ്പില്‍ നിന്നും മാറ്റി തദ്ദേശ ഭരണവകുപ്പിന് നല്‍കിയത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ മലയോര മേഖലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളും നൂറു കണക്കിന് വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നിരുന്നു. 

പ്രകൃതിക്ഷോഭം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇവിടെയുണ്ടായ നാശനഷ്ടക്കണക്ക് തിട്ടപ്പെടുത്തി ബന്ധപ്പെട്ട റവന്യൂ അധികൃതര്‍ക്ക് നല്‍കാത്തത് മൂലം സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ വൈകുന്നതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. അടിയന്തിര പ്രാധാന്യത്തോടെ സഹായം ലഭ്യമാക്കേണ്ട ഈ ഘട്ടത്തില്‍ നടപടികള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. 

കാലവര്‍ഷത്തിലും പ്രകൃതിക്ഷോഭത്തിലും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സംഭവിക്കുന്ന നഷ്ടം തിട്ടപ്പെടുത്താനുള്ള അധികാരം കഴിഞ്ഞ മാസത്തിലാണ് റവന്യൂ വകുപ്പില്‍ നിന്നും മാറ്റി തദ്ദേശ ഭരണവകുപ്പിന് നല്‍കി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കിയത്. പഞ്ചായത്ത് അധികൃതര്‍ക്ക് നൂറു കണക്കിന് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നിരിക്കെ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഇത്തരം കാര്യങ്ങള്‍ കൂടി അവരുടെ തലയില്‍ വീണത് ഭാരം ഇരട്ടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ദുരന്തനിവാരണ സമിതിയുടെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതാ കാര്യമാക്കാക്കതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായത്. 

നേരത്തെ കാലര്‍ഷത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നാല്‍ പൊതുജനങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ പരാതി നല്‍കുകയും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമാണ് ചെയ്തുവന്നിരുന്നത്. പ്രത്യേക സാഹചര്യമുണ്ടായാല്‍ താലൂക്കില്‍ നിന്നും പ്രത്യേക ഉദ്യോഗസ്ഥ  സംഘത്തെ നിയമിച്ച് കണക്കെടുപ്പ് നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ നാശനഷ്ടങ്ങളെക്കുറിച്ചുള്ള  റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്കും കലക്ടര്‍ക്കും നല്‍കും. കലക്ടര്‍ ഇത് ബന്ധപ്പെട്ട വകുപ്പിലേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം വില്ലേജില്‍ കിട്ടുന്ന അപേക്ഷകള്‍ പഞ്ചായത്ത് ഓവര്‍സിയര്‍ക്ക് കൈമാറണം. ഓവര്‍സിയര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തിരിച്ച് വില്ലേജ് ഓഫീസര്‍ക്ക് നല്‍കും. നഷ്ടം കാലവര്‍ഷക്കെടുതി മൂലം തന്നെയാണ് സംഭവിച്ചതെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഫയല്‍ തഹസില്‍ദാര്‍ക്ക് നല്‍കേണ്ടത്. ഇത്തരം നടപടിക്രമങ്ങള്‍ക്ക് മാസങ്ങള്‍ സമയമെടുക്കും. കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുെമെന്ന് മുഖ്യമന്ത്രി തന്നെ പ്രസ്താവനയിറക്കിയെങ്കിലും ഇത് കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. 

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞദിവസമുണ്ടായ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.