കമ്മീഷന്‍ പ്രശ്‌നം: ജില്ലയില്‍ മണ്ണെണ്ണ വിതരണം സ്തംഭനാവസ്ഥയില്‍

Sunday 24 June 2018 11:06 pm IST

 

കണ്ണൂര്‍: കമ്മീഷന്‍ കുറഞ്ഞതിന്റെ പേരില്‍ വ്യാപാരികള്‍ മണ്ണെണ്ണ വിതരണത്തിനെടുക്കാത്തതിനാല്‍ ജില്ലയിലെ റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം തടസ്സപ്പെട്ടു. പത്ത് വര്‍ഷം മുമ്പ് നിശ്ചയിച്ച  ലിറ്ററിന് 19 പൈസ കമ്മീഷനാണ് ഇപ്പോഴും വ്യാപാരികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണ്ണെണ്ണ വില കുത്തനെ ഉയര്‍ന്നെങ്കിലും കമ്മീഷനില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. 200 ലിറ്റര്‍ മണ്ണെണ്ണ അടങ്ങുന്ന ഒരു ബാരല്‍ റേഷന്‍ കടകളില്‍ എത്തിക്കാന്‍ 300 രൂപയോളം  വ്യാപാരികള്‍ക്ക് ചെലവ് വരും. ഇത് വിറ്റാല്‍ കമ്മീഷന്‍ കിട്ടുന്നത് 38 രൂപയാണ്. റേഷന്‍ വ്യാപാരികളെ കരിഞ്ചന്ത വില്‍പ്പനക്ക് പ്രേരിപ്പിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. ഇ-പോസ് സംവധാനം നിലവില്‍ വന്നതോടെ മറിച്ച് വില്‍പ്പനയും നിലച്ചതാണ് വ്യാപാരികളെ ഇപ്പോള്‍ കുഴക്കിയത്. 

മുന്‍കൂര്‍ പണമടച്ച് സ്വന്തം ചെലവില്‍ റേഷന്‍ വസ്തുക്കള്‍ കടകളിലെത്തിക്കേണ്ട ചുമതല കടയുടമയുടേതാണ്. ഭാരിച്ച ഗതാഗതച്ചെലവും കയറ്റിറക്ക് കൂലിയും കൊടുത്താണ് ഇവര്‍ മണ്ണെണ്ണ എത്തിക്കുന്നത്. എന്നിട്ടും തുച്ഛമായ കമ്മീഷനാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യാപാരികള്‍ ഈ മാസം മുതല്‍ റേഷന്‍ കടകളില്‍ മണ്ണെണ്ണ സ്റ്റോക്കെടുക്കാതെ സമരവുമായി മുന്നോട്ട് പോകുന്നത്. കാലവര്‍ഷം ശക്തമായ സമയത്ത് വൈദ്യുതി  മലയോരങ്ങളില്‍ വല്ലപ്പോഴും വിരുന്നുകാരായാണ് എത്തുന്നത്. ആകെ കിട്ടുന്ന അരലിറ്റര്‍ മണ്ണെണ്ണ കൂടി ലഭിക്കാതായതോടെ ജനങ്ങള്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. മണ്ണെണ്ണക്ക് പുറമേ അരി, ഗോതമ്പ്, ആട്ട എന്നിവക്കും മാന്യമായ കമ്മീഷന്‍ ലഭിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇപ്പോള്‍ ഇവക്ക് ക്വിന്റലിന് 220 രൂപയാണ് കമ്മീഷന്‍ ലഭിക്കുന്നത്. 

ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമാണ് വ്യാപാരികളുടെ പ്രതിസന്ധി ഏറെ രൂക്ഷമായത്. റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്‍പ്പന ഈ സംവിധാനം വന്നതോടെ നിലച്ചിരിക്കുകയാണ്. ഇതുമൂലം വ്യാപാരികളുടെ വരുമാനവും കുറഞ്ഞു. 45 മുതല്‍ 73 ക്വിന്റര്‍ വരെ വില്‍പ്പന നടത്തുന്ന വ്യാപരികള്‍ക്ക് ക്വിന്റല്‍ ഒന്നിന് 220 രൂപ കമ്മീഷന്‍ ലഭിക്കും. ഇവര്‍ക്ക് സപ്പോര്‍ട്ടിങ്ങ് തുക ലഭിച്ചിരുന്നില്ല. 46 ക്വിന്റലിന് താഴെ വില്‍പ്പനയുള്ളവര്‍ക്ക് മാത്രമേ സപ്പോര്‍ട്ടിങ്ങ് തുകയായ 6500 രൂപ ലഭിച്ചിരുന്നുള്ളൂ. 

പൊതുവിതരണ രംഗത്തെ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിശ്ചയിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇത് പ്രകാരം 45 ക്വന്റല്‍ വരെ വില്‍പ്പന നടത്തുന്നവര്‍ക്ക് 8500 രൂപ സപ്പോര്‍ട്ടിങ്ങ് തുകയും കമ്മീഷനും ലഭിക്കാന്‍ സാധ്യതയുണ്ട്. 45 ക്വിന്റലിന് മുകളില്‍ വില്‍പ്പനയുള്ളവര്‍ക്ക് 18,000 രൂപ സപ്പോര്‍ട്ടിങ്ങ് തുകയും ക്വിന്റലിന് 180 രൂപ കമ്മീഷനും ലഭിക്കും. ഇത് സംബന്ധിച്ച് ഇന്ന് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ തീരുമാനമുണ്ടായാല്‍ അടുത്ത ദിവസം മുതല്‍ തന്നെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കും. ചര്‍ച്ചയില്‍ വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പൊതുവിതരണ രംഗത്ത് കടുത്ത പ്രതിസന്ധി ഉടലെടുക്കും. കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പല റേഷന്‍ കടയുടമകളും പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.