സി-സ്റ്റെഡിന് പൂട്ട് വീഴുന്നു; വഴിയാധാരമായി ജീവനക്കാര്‍

Monday 25 June 2018 1:40 am IST

ഇടുക്കി: അക്ഷയ അടക്കമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ (സി-സ്റ്റെഡ്) സബ് സെന്ററുകള്‍ അടച്ചുപൂട്ടുന്നു. 55 ജീവനക്കാരാണ് സി-സ്റ്റെഡിലുള്ളത്. ശമ്പളയിനത്തില്‍ മാത്രം ഇവര്‍ക്ക് നല്‍കാനുള്ളത് കോടികള്‍. 

സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ സ്വയംഭരണ സൊസൈറ്റി എന്ന നിലയിലാണ് സി-സ്റ്റെഡ് പ്രവര്‍ത്തിച്ചിരുന്നത്. 20 മാസത്തിലധികമായി സ്ഥാപനത്തിന് സ്ഥിരം ഡയറക്ടറില്ലായിരുന്നു. പൂട്ടുന്നത് സംബന്ധിച്ച നീക്കങ്ങള്‍ മാര്‍ച്ചില്‍ ആരംഭിച്ചെങ്കിലും ഈ 20 നാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കോഴിക്കോട്ടെ ആസ്ഥാനമൊഴിച്ച് മറ്റുള്ളവയെല്ലാം സാമ്പത്തിക ബാധ്യതമൂലം അടക്കുകയാണെന്നാണ് അറിയിപ്പിലുള്ളത്. 

രണ്ടര വര്‍ഷത്തിലധികമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല. ശമ്പളം ഇല്ലാതെ വന്നതോടെ 12 പേര്‍ കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് ആസ്ഥാന ഓഫീസില്‍ ജോലി നല്‍കാനാണ് തീരുമാനം. ബാക്കി വരുന്ന 43 പേര്‍ക്ക് ജോലിയടക്കമുള്ള കാര്യങ്ങളില്‍ ഒരറിയിപ്പും ഇതുവരെയും നല്‍കിയിട്ടില്ല. ഉത്തരവില്‍ ഇവരുടെ ബാധ്യത തീര്‍ക്കണമെന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെയെന്നത് വ്യക്തമല്ല. 

1985ല്‍ നിലവില്‍ വന്ന സ്ഥാപനത്തില്‍ നിന്ന് ഇതുവരെ 3.5 ലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴില്‍ പരിശീലനം നല്‍കിയത്. നാനൂറിലേറെ വ്യവസായ സംരംഭങ്ങള്‍ നിലവില്‍ വന്നത് സി-സ്‌റ്റെഡിന്റെ സഹായത്തോടെയാണ്. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ച് വ്യവസായ-സംരഭകത്വ വികസനം, തൊഴിലവസരം സൃഷ്ടിക്കല്‍, തൊഴില്‍ സാധ്യതാ മേഖലകളില്‍ വിദഗ്ധരെ വാര്‍ത്തെടുക്കല്‍ എന്നിവയാണ് സി-സ്റ്റെഡ് നടത്തിയിരുന്നത്.

പരിശീലനങ്ങള്‍ക്കായി ലഭിച്ചിരുന്ന സര്‍ക്കാര്‍ ഫണ്ടിലൂടെയാണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ഫണ്ട് ലഭിക്കുന്നതില്‍ കുറവു വന്നതും സ്ഥാപനത്തെ സംരക്ഷിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടുമാണ് താഴ് വീഴാന്‍ കാരണമാകുന്നത്.

ഇടുക്കി ഓഫീസ് തൊടുപുഴയിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളായി ഓഫീസ് അടഞ്ഞുകിടക്കുകയാണ്. 20 മാസത്തെ വാടക നല്‍കാനുണ്ട്. 28ന് ഈ സ്ഥാപനത്തിലെ സാധനങ്ങള്‍ ലേലത്തിന് വെയ്ക്കും. എന്നാല്‍, ശമ്പളവും ജോലിയുടെ കാര്യത്തില്‍ ഉറപ്പും ലഭിക്കാതെ ഇതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന ഇടത് സര്‍ക്കാരിന്റെ നയം നിലനില്‍ക്കെയാണ് ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനം അടച്ചു പൂട്ടുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.