വിഎസ്സിനോട് തോറ്റതിന് പിണറായിയുടെ രോഷം പീയുഷിനോട്

Monday 25 June 2018 1:55 am IST
നിര്‍ദിഷ്ട കോച്ച് ഫാക്ടറി വിഎസ്സിന്റെ മണ്ഡലത്തിലായിട്ടും ധര്‍ണയില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിഎസ് അന്ന് ദല്‍ഹിയില്‍ തന്നെയുണ്ടായിരുന്നു. എംപിമാരുടെ ധര്‍ണയായിരുന്നുവെന്നാണ് ഇതിന് പാര്‍ട്ടി നല്‍കുന്ന വിശദീകരണമെങ്കിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തത് പിണറായി വിജയനാണ്.

ന്യൂദല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും കടത്തിവെട്ടി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ജാള്യത മറയ്ക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെതിരെ രോഷപ്രകടനവുമായി പിണറായിയും ജി. സുധാകരനും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ മറികടന്ന് പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ വിഎസ് ഉറപ്പ് വാങ്ങിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. ഇതേ വിഷയത്തില്‍ തലേദിവസം റെയില്‍ഭവന് മുന്നില്‍ ധര്‍ണ നടത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പിണറായിയും സംഘവും വിഎസ്സിന്റെ ഇടപെടലോടെ ഇളിഭ്യരായി. തുടര്‍ന്നാണ് പിണറായി വിഎസ്സിനോടുള്ള തന്റെ രോഷം മുഴുവന്‍ പീയുഷ് ഗോയലില്‍ തീര്‍ത്തത്. 

നിര്‍ദിഷ്ട കോച്ച് ഫാക്ടറി വിഎസ്സിന്റെ മണ്ഡലത്തിലായിട്ടും ധര്‍ണയില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിഎസ് അന്ന് ദല്‍ഹിയില്‍ തന്നെയുണ്ടായിരുന്നു. എംപിമാരുടെ ധര്‍ണയായിരുന്നുവെന്നാണ് ഇതിന് പാര്‍ട്ടി നല്‍കുന്ന വിശദീകരണമെങ്കിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തത് പിണറായി വിജയനാണ്. കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ പിണറായിയും സംഘവും എന്നാല്‍ വകുപ്പ് മന്ത്രിയെ സന്ദര്‍ശിക്കാന്‍ തയാറായതുമില്ല. 

കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയാന്‍ പാടില്ലെന്ന് പിണറായി പറഞ്ഞു. വായുവില്‍ക്കൂടി പാളം നിര്‍മിക്കാനാവില്ലെന്ന പ്രസ്താവന വിടുവായത്തമാണ്. ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടില്ലെന്ന പരാതി ശരിയല്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മന്ത്രി ശ്രമിക്കണം. റെയില്‍വെക്കായി ഭൂമി ഏറ്റെടുക്കലില്‍ നല്ല പുരോഗതിയാണു കേരളത്തിലുണ്ടായിട്ടുള്ളതെന്നും വസ്തുതകള്‍ വ്യക്തമാക്കി അദ്ദേഹത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഎസ്സിന്റെ കൂടിക്കാഴ്ചയോടെ വിഷയത്തില്‍ കേന്ദ്രത്തിനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കാനും സിപിഎം നിര്‍ബന്ധിതരായി. പിണറായിയുടെ ദല്‍ഹി പരിപാടികള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ പാര്‍ട്ടി പത്രം വിഎസ്സിന്റെ കൂടിക്കാഴ്ച ഒറ്റക്കോളത്തില്‍ ഒതുക്കിയതും അമര്‍ഷം വ്യക്തമാക്കുന്നതായി. പിണറായിക്ക് റെയില്‍ മന്ത്രി അനുമതി നല്‍കിയില്ലെന്ന് 'മലയാള മനോരമ' നല്‍കിയ വാര്‍ത്ത  പിണറായി നിഷേധിച്ചു. മന്ത്രിയെ കാണുന്ന കാര്യം മനസ്സില്‍പ്പോലും വിചാരിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചണ്ഡീഗഡിലായിരുന്ന പീയുഷ് ഗോയല്‍ വിഎസ്സിനെ കാണുന്നതിനായി മാത്രം ദല്‍ഹിയിലെത്തുകയും ചെയ്തു. മന്ത്രിയെ സന്ദര്‍ശിച്ച് തെറ്റിദ്ധാരണ അവസാനിപ്പിക്കാന്‍ ശ്രമിക്കാതെ പിണറായിയും സംഘവും നടത്തിയ രാഷ്ട്രീയ നാടകമാണ് വിഎസ്സിന്റെ ഇടപെടലോടെ പൊളിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.