വിഷമീന്‍ തിന്നാന്‍ വിധിക്കപ്പെട്ട് മലയാളി

Monday 25 June 2018 1:41 am IST

തിരുവനന്തപുരം: പച്ചക്കറിക്ക് പിന്നാലെ മത്സ്യത്തിലെ വിഷം തിന്നാനും വിധിക്കപ്പെട്ട് മലയാളികള്‍. കേരളത്തിലെ മത്സ്യ ഉപഭോഗം മുമ്പെങ്ങും ഇല്ലാത്ത തരത്തില്‍ വര്‍ധിച്ചതോടെയാണിത്. അതേസമയം ഈ അവസ്ഥയ്ക്ക് തങ്ങളെ പഴിക്കരുതെന്ന് മീന്‍പിടിത്തക്കാര്‍.  

സംസ്ഥാനത്ത് ശരാശരി ഏഴ് ലക്ഷം ടണ്‍ മത്സ്യമാണ് ഒരു വര്‍ഷം വേണ്ടിയിരുന്നത്. ഇപ്പോള്‍ പത്ത് ലക്ഷം ടണ്ണിലധികം  വേണം. വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിനു പുറമെയാണിത്. ആവശ്യത്തിന് മത്സ്യം കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്നു  ലഭിക്കുന്നില്ല. കേരളത്തിന്റെ ആഴക്കടലില്‍ ആവശ്യത്തിന് മത്സ്യം ഉണ്ട്. പക്ഷേ, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂറ്റന്‍ ബോട്ടുകളില്‍ അധികവും തമിഴ്‌നാട്ടിലേതാണ്. അതിനാല്‍ കേരളതീരത്തുനിന്നു പിടിക്കുന്ന മത്സ്യം അധികവും ചെന്നെത്തുന്നതു തമിഴ്‌നാട്ടിലേക്കും.  

  കൂറ്റന്‍ ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയാല്‍ തിരികെ എത്താന്‍ രണ്ട് മാസം കഴിയും. പിടികൂടുന്ന മത്സ്യം അമോണിയ ചേര്‍ത്ത ഐസിലാണ് സൂക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മത്സ്യം കരയ്‌ക്കെത്തിച്ചാലും ചീയാതിരിക്കാന്‍ രാസവസ്തുക്കള്‍ പുരട്ടണം. ഇതിനാണ് മൃതദേഹം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു തളിച്ച് മീന്‍ കേരള വിപണിയില്‍ എത്തിക്കുന്നത്. 

 മത്സ്യം കരയ്‌ക്കെത്തിച്ചു കഴിഞ്ഞാല്‍  കുത്തക മുതലാളിമാര്‍ക്കാണ് പിന്നീടുള്ള നിയന്ത്രണം. അവര്‍ ലേലത്തില്‍ കൈക്കലാക്കി ഫോര്‍മാലിന്‍ രാസവസ്തു ചേര്‍ത്ത്  ഹോള്‍സെയില്‍ ഏജന്റുമാര്‍ക്ക് എത്തിക്കുന്നു. മീന്‍വണ്ടി എന്ന് പറയപ്പെടുന്ന  മത്സ്യ ലോറികളില്‍ നിന്ന് ഐസ് വെള്ളം റോഡിലേക്ക് ഇറങ്ങി പ്രദേശത്താകെ ദുര്‍ഗ്ഗന്ധം ഉണ്ടാകുമെന്നതിനാല്‍ ചെക് പോസ്റ്റുകളില്‍ വാഹനം നിര്‍ത്തി പരിശോധനയും ഇല്ല.  ഈ ഇളവുകള്‍ പരമാവധി മുതലെടുക്കുകയാണ് മത്സ്യ വിപണിയിലെ മൊത്ത വിതരണക്കാര്‍. 

   കേരളത്തിലെ വിപണിയില്‍ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു മത്സ്യം എത്തുന്നുണ്ട്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവരാന്‍ മൂന്ന് ദിവസമെടുക്കും. ചീഞ്ഞ മത്സ്യം രാസവസ്തുക്കള്‍ തളിച്ച് എത്തിക്കുന്നതായി ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഒരു ദിവസം മത്സ്യവിപണന മേഖലയില്‍ നടക്കുന്നത്. വിഷം കലര്‍ത്തുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ നിസ്സഹായരാണ്. ബോട്ടുടമകള്‍ നല്‍കുന്ന സാധന സാമഗ്രികളുമായാണ് ഇവര്‍ ആഴക്കടലിലേക്ക് പോകുന്നത്. ഇവര്‍ക്ക് പിടികൂടുന്ന മത്സ്യത്തിന്റെ അളവ് അനുസരിച്ചുള്ള കൂലിമാത്രമാണ് ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.