ജാതി-മതേതര പൊതു ഇടങ്ങള്‍ വരുന്നു; 700 കോടി മുടക്കി നിര്‍മാണങ്ങള്‍ നടത്തും

Monday 25 June 2018 11:35 am IST
''വൈകുണ്ഠസ്വാമിയും ശ്രീനാരായണ ഗുരുവും മുതല്‍ അയ്യന്‍കാളി വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ടുവെച്ച മൂല്യങ്ങളെ അതിശക്തമായി നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടേ നവോത്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കൂ,''

കൊച്ചി: സംസ്ഥാനത്ത് ജാതി-മതേതര പൊതു ഇടങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാംസ്‌കാരിക വകുപ്പിന്റെ ഭരണത്തില്‍ ഇതിന് സാംസ്‌കാരിക സമുച്ചയങ്ങള്‍ എല്ലാ ജില്ലകളിലും പണിയാന്‍ 700 കോടി ചെലവിടും. നാട്ടരങ്ങെന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തന കേന്ദ്രങ്ങളായിരിക്കും ഇവ. 

സാംസ്‌കാരിക ച്യുതി പരിഹരിക്കാനാണ് ഈ പുതിയ പദ്ധതിയെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. കെ.ഡി.പ്രസേനന്‍, ഇ.പി. ജയരാജന്‍, പുരുഷന്‍ കടലുണ്ടി, കെ. ആന്‍സലന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജനങ്ങളില്‍ നവോത്ഥാന മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാനുള്ള മാധ്യമമെന്നനിലയ്ക്ക് സാഹിത്യം, നാടകം, ചലച്ചിത്രം, പരമ്പരാഗത കലകള്‍ എന്നിവ ഉപയോഗപ്പെടുത്താനും നാട്ടിന്‍പുറങ്ങളില്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്നതിനും നാട്ടരങ്ങ് എന്ന പേരില്‍ പൊതു ഇടങ്ങള്‍ സ്ഥാപിക്കുകയാണ് പദ്ധതിയെന്ന് മന്ത്രി വിശദീകരിച്ചു.

''വൈകുണ്ഠസ്വാമിയും ശ്രീനാരായണ ഗുരുവും മുതല്‍ അയ്യന്‍കാളി വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ടുവെച്ച മൂല്യങ്ങളെ അതിശക്തമായി നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടേ നവോത്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കൂ,'' എന്ന് മന്ത്രി പറഞ്ഞു.

നവോത്ഥാന നായകന്മാരുടെ പേരില്‍ ജില്ലതോറും 50 കോടി രൂപ വീതം ചെലവാക്കി സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. വിശദ പദ്ധതിക്ക് ഏജന്‍സിലെ നിശ്ചയിച്ചു. പദ്ധതിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ ശ്രമിക്കുന്നു. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നിവയൊഴികെ ജില്ലകളില്‍ ഭൂമി കിട്ടി. ഉടന്‍ പണി തുടങ്ങും. 14 ജില്ലകള്‍ക്ക് 700 കോടിയാണ് നിശ്ചയിച്ചിരിക്കുന്നത്. കിഫ്ബിയില്‍നിന്നാണ് പണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.