51 കേന്ദ്ര പദ്ധതികള്‍ക്ക് 357 കോടികിട്ടി; ഒന്നും പണി തുടങ്ങിയിട്ടില്ല

Monday 25 June 2018 12:11 pm IST

കൊച്ചി: ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങുമ്പോള്‍ സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ സ്ഥിതി ഇങ്ങനെ: മൂന്നു വര്‍ഷത്തിനിടെ 51 കേന്ദ്ര പദ്ധതികള്‍ക്ക് കിട്ടിയ ധന സഹായം 357.50 കോടിരൂപയുടേത്. ഒന്നിന്റെയും പണി പക്ഷേ ഇതുവരെ തുടങ്ങിയിട്ടില്ല. അതായത് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ സഹായം നല്‍കിയ ജനക്ഷേമ പദ്ധതികളുടെ നേട്ടം തലസ്ഥാന ജനതയ്ക്ക് മൂന്നുവര്‍ഷമായിട്ടും കിട്ടിത്തുടങ്ങിയിട്ടില്ല.

കേന്ദ്രാവിഷ്‌കൃത നഗര പരിഷ്‌കരണ പദ്ധതിയായ അമൃത് പദ്ധതി പ്രകാരം മൂന്നു സാമ്പത്തിക വര്‍ഷമായി എത്ര തുകകിട്ടി, ഏതിനൊക്കെ എന്ന ഒ.രാജഗോപാലിന്റെ ചോദ്യത്തിന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് പിടിപ്പുകേട് പുറത്തുവന്നത്. മന്ത്രി ജലീലിന്റെ മറുപടി ഇങ്ങനെ: 

'' 51 പദ്ധതികള്‍ക്കായി 357.50 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. പദ്ധതികളുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയതില്‍ 355.15 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയും നല്‍കി. എട്ട് വാട്ടര്‍ സപ്ലൈ പദ്ധതികള്‍ക്ക് 99.04 കോടി, 24 സ്വിവേജ് ആന്‍ഡ് സെപ്‌റ്റേജ് പദ്ധതിക്ക് 157.45 കോടി, 11 സ്‌റ്റോം വാട്ടര്‍ ഡ്രെയിനേജ് പദ്ധതിക്ക് 61.07 കോടി, നാല് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട് പദ്ധതികള്‍ക്ക് 31.74 കോടി, നാല് പാര്‍ക്കുകള്‍ക്ക് 5.85 കോടി എന്നിങ്ങനെയാണ്  അംഗീകാരം നല്‍കിയ പദ്ധതികള്‍. 

41 പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു. 39 എണ്ണത്തിന് ടെന്‍ഡര്‍ നടപടി തുടങ്ങി. 22 എണ്ണത്തിന് പണി ആരംഭിക്കാനുള്ള നടപടിയായി.'' 

മന്ത്രിയുടെ സുദീര്‍ഘ വിവരണത്തിന്റെ ചുരുക്കം ഇതാണ്, മൂന്നു വര്‍ഷം മുമ്പ് അനുവദിച്ച ഒരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും തിരുവനന്തപുരത്ത് ആരംഭിച്ചില്ല. രാഷ്ട്രീയ കാരണങ്ങളാലോ, മറ്റേതെങ്കിലും തടസങ്ങള്‍ ഉണ്ടാക്കിയോ കേന്ദ്രപദ്ധതികള്‍ ഇനിയും വെച്ചു താമസിപ്പിക്കുന്നതുമൂലം നഷ്ടം തലസ്ഥാനത്തെ ജനതയ്ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.