നിയമത്തിന് പുല്ലുവില; വാഹനങ്ങളില്‍ വകുപ്പ് പേരുകള്‍ക്ക് പകരം കേരള സര്‍ക്കാര്‍ ബോര്‍ഡ്

Tuesday 26 June 2018 2:35 am IST

കൊച്ചി: കേരള സംസ്ഥാന ബോര്‍ഡുകള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. സംസ്ഥാന മന്ത്രിമാര്‍ക്കോ തത്തുല്യപദവി വഹിക്കുന്നവര്‍ക്കോ നല്‍കിയിട്ടുള്ള വാഹനങ്ങളില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന നിയമം നിലനില്‍ക്കെയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ നിയമം ലംഘിക്കുന്നത്. കൃഷി വകുപ്പിന്റെ വാഹനമാണെങ്കില്‍ കൃഷി വകുപ്പെന്നാണ് രേഖപ്പെടുത്തേണ്ടത്. പകരം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പിന് നിയമ നടപടി സ്വീകരിക്കാം. 

സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാര സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ എന്നിവയിലൊന്നും കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് പാടില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്മാരും വിവിധ വകുപ്പുകളുടെ വാഹനങ്ങളിലും ഇപ്പോഴും കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും അവരുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. 

പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് അതത് സ്ഥാപനത്തിന്റെ പേരുള്ള ബോര്‍ഡുകള്‍ മാത്രമേ പാടുള്ളൂ. നിയമ ലംഘനം നടത്തുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്. കേരള സര്‍ക്കാര്‍ ബോര്‍ഡുവെച്ച വാഹനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യാത്രചെയ്യുന്നതെങ്കില്‍ തൊപ്പി തെറിക്കാന്‍വരെ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും ഇത് കണ്ടില്ലന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥര്‍. 

വീട്ടില്‍ പോകാനും സര്‍ക്കാര്‍ വണ്ടി 

ജീവനക്കാരെ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും വിടാനും തിരികെ കൊണ്ടുവരാനും സര്‍ക്കാര്‍ വണ്ടികള്‍ ഉപയോഗിക്കുന്നതും വ്യാപകമാണ്. രാവിലെയും വൈകുന്നേരങ്ങളിലും ബസ് സ്റ്റാന്‍ഡിലേക്കും റെയില്‍വേ സ്‌റ്റേഷനുകളിലേക്കും കേരള സ്റ്റേറ്റ് ബോര്‍ഡുവെച്ച വാഹനങ്ങള്‍ കുതിക്കുന്നത് പതിവ് കാഴ്ചയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ക്ലറിക്കല്‍ തസ്തികയില്‍ ജോലിചെയ്യുന്നവര്‍ വരെ സര്‍ക്കാര്‍ വാഹനങ്ങളിലാണ് ബസ് സ്റ്റാന്‍ഡിലേക്ക് അടക്കം പോകുന്നത്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.