ലഹരി വിരുദ്ധ ദിനാചരണം പ്രഹസനം: കേരള മദ്യ നിരോധന സമിതി

Tuesday 26 June 2018 2:46 am IST

കോഴിക്കോട്: നാടിനെ ലഹരിയില്‍ മുക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ലഹരി വിരുദ്ധ ദിനാചരണം ബഹിഷ്‌കരിക്കുമെന്ന് കേരള മദ്യ നിരോധന സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രകടന പത്രികയില്‍ നാടിന് നല്‍കിയ മദ്യ നയ വാഗ്ദാനം അട്ടിമറിച്ച് മദ്യവ്യാപനം പരമാവധി വര്‍ധിപ്പിച്ചു. തദ്ദേശ ഭരണകൂടങ്ങളുടെ മദ്യ നിരോധന ജനാധികാരം എടുത്തുകളഞ്ഞു.

വിദ്യാലയങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും മദ്യഷാപ്പുകള്‍ പാലിക്കേണ്ട ദൂരപരിധി പോലും വെട്ടിക്കുറച്ചു. മദ്യ മുതലാളിമാര്‍ക്കും അബ്കാരി കുറ്റവാളികള്‍ക്കും വേണ്ടി അബ്കാരി നിയമങ്ങളില്‍ പോലും ഇളവു വരുത്തി. ഇങ്ങനെ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടത്തുന്നത് ലഹരിവിരുദ്ധ ദിനാചരണ പ്രഹസനമാണ്. സംസ്ഥാനത്തിന്റെ അധികാരം പ്രധാനമന്ത്രി ഫാസിസ്റ്റ് രീതിയില്‍ അപഹരിക്കുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി പ്രാദേശിക ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അബ്കാരികള്‍ക്ക് വേണ്ടി അട്ടിമറിച്ചത് ജനാധിപത്യ ഹത്യയാണെന്നും മദ്യ നിരോധന സമിതി ആരോപിച്ചു. അതേ സമയം നല്ല ഉദ്ദേശത്തോടെ നടത്തുന്ന ലഹിരവിരുദ്ധ പരിപാടിയകളോട് സഹകരിക്കുമെന്നും സമിതി വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ കേരള മദ്യനിരോധന സമിതി ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഖദീജ നര്‍ഗീസ്, ജില്ലാ പ്രസിഡന്റ് സി. ചന്തുക്കുട്ടി, സെക്രട്ടറി പപ്പന്‍ കന്നാട്ടി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.