വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി

Tuesday 26 June 2018 2:48 am IST

നെടുമ്പാശ്ശേരി: വിദേശത്തയ്ക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗില്‍നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ പൗരത്വമുള്ള മലയാളി പ്രൊഫസര്‍ സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂര്‍ സ്വദേശി തോമസ് ബിജു (52)വാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനക്കിടെ പിടിയിലായത്.

ഞായറാഴ്ച രാത്രി 11 മണിയോടെ കൊച്ചിയില്‍ നിന്നും സിംഗപ്പൂര്‍ വഴി അമേരിക്കയിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു നെടുമ്പാശ്ശേരിയിലെത്തിയത്. ലഗേജ് പരിശോധനയിലാണ് കുടുങ്ങിയത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. ഏറെക്കാലമായി അമേരിക്കയിലെ സര്‍വകലാശാലയിലെ പ്രൊഫസറാണ്. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുമ്പോഴായിരുന്നു പിടികൂടിയത്.

പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. പുനലൂരിലെ പഴയ വീട് പൊളിച്ചപ്പോള്‍ ബാഗില്‍ ഉപേക്ഷിച്ചിരുന്ന വെടിയുണ്ടകളാണെന്നും അറിയാതെയാണ് യാത്രബാഗില്‍ പെട്ടെതെന്നുമാണ് തോമസിന്റെ വിശദീകരണം. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.