പാര്‍ശ്വവത്കരിക്കപെട്ട ജനവിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ പ്രത്യേക പരിഗണന നല്‍കണം: പ്രൊഫ. മുഹമ്മദ് യൂനുസ്

Tuesday 26 June 2018 2:49 am IST

തൃശൂര്‍: പാര്‍ശ്വവത്ക്കരിക്കപെട്ട ജനവിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് നോബല്‍ സമ്മാന ജേതാവും മൈക്രോ ക്രെഡിറ്റിന്റെ പിതാവുമായ പ്രൊഫ. മുഹമ്മദ് യൂനുസ്. തൃശൂര്‍ പുഴയ്ക്കല്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇസാഫ് സൊസൈറ്റി സംഘടിപ്പിച്ച ഇസാഫ് വാര്‍ഷിക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്ക് വായ്പ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കണം. അതിനായി ഇന്ത്യയില്‍ നിലവിലുള്ള ബാങ്കിങ് സംവിധാനത്തില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് മാത്രമായി പ്രത്യേക നിയമം ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും നിലവിലുള്ള സംവിധാനങ്ങളും പ്രസ്ഥാനങ്ങളും സാധാരണക്കാരുടെ ഉന്നമനത്തിനായി ശ്രമിക്കണമെന്നും പ്രൊഫ. മുഹമ്മദ് യൂനുസ് പറഞ്ഞു. 

മുഹമ്മദ് യൂനുസ് രചിച്ച 'എ വേള്‍ഡ് ഓഫ് ത്രീ സീറോസ്' എന്ന പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ഹരിയാന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത് പുസ്തകം പ്രകാശനം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.വി. പീറ്റര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

ദാരിദ്രം, തൊഴിലില്ലായ്മ, കാര്‍ബണ്‍ എന്നിവയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്ത് ഒരു ആഗോള നിലവാരത്തിലുള്ള സമ്പത്ത് വ്യവസ്ഥ കൈവരിക്കാനുള്ള മാര്‍ഗമാണ് പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നത്. ഇസാഫിന്റെ 26-ാം വാര്‍ഷിക സുവനീര്‍ പ്രൊഫ. മുഹമ്മദ് യൂനുസ് പ്രകാശനം ചെയ്തു. ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് കെ.ജോണ്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളുമായി പ്രൊഫ. മുഹമ്മദ് യൂനുസ്  സംവദിച്ചു. പ്രഥമ ഇസാഫ് സോഷ്യല്‍ ബിസിനസ് അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രസിഡന്റ് രമേശന്‍ പാലേരി, പ്രൊഫ. മുഹമ്മദ് യൂനുസില്‍ നിന്ന് ഏറ്റുവാങ്ങി. അടാട്ട് പഞ്ചായത്തിലെ ഒന്‍പതു മുറി കോള്‍ പാടശേഖര സമിതിയുമായി സഹകരിച്ച് വിപണിയിലിറക്കുന്ന 'സുവിധി' ജൈവ അരി, കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന് നല്‍കി പ്രൊഫ. മുഹമ്മദ് യൂനുസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇസാഫ് ആസ്ഥാന മന്ദിരത്തിനു മുന്നില്‍ സന്ദര്‍ശന സ്മാരകമായി പ്രൊഫ. മുഹമ്മദ് യൂനുസ് വൃക്ഷത്തൈ നട്ടു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു.  

ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍, സഹ സ്ഥാപകന്‍ ജേക്കബ് സാമുവല്‍, ഇസാഫ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. എലിസബത്ത് ജോണ്‍, വൈസ് പ്രസിഡന്റ് ഫാ.ഡോ. ഇടിച്ചെറിയ നൈനാന്‍,  ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭ, ഇസാഫ് റീ ടെയില്‍ ഡയറക്ടര്‍മാരായ എമി അച്ച പോള്‍, അലോക് തോമസ് പോള്‍, ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് തോമസ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രസിഡന്റ് രമേശന്‍ പാലേരി, കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, ഹരിയാന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത്, കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.വി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.