സിപിഎം കൊലയാളികള്‍ക്ക് തണലായി പാര്‍ട്ടിക്ക് കീഴിലെ സഹകരണ സംഘങ്ങള്‍

Monday 25 June 2018 9:56 pm IST

 

സ്വന്തംലേഖകന്‍

പാനൂര്‍: കൊലയാളികള്‍ക്ക് ജോലി നല്‍കി സിപിഎം നിയന്ത്രണത്തിലുളള സഹകരണബാങ്കുകള്‍. കണ്ണൂരിലെ രാഷ്ട്രീയ അക്രമക്കേസുകളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് സഹകരണസ്ഥാപനങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കിയാണ് സിപിഎം നേതൃത്വം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ തലശേരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ഒന്നാംപ്രതി കാവുംഭാഗത്തെ ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജിത്ത് സഹകരണ ബേങ്ക് ജീവനക്കാരനാണ്. കാവുംഭാഗം സര്‍വ്വീസ് സഹകരണബേങ്കിലാണ് ശ്രീജിത്ത് ജോലി ചെയ്യുന്നത്. 2009ല്‍ കുന്നോത്ത്പറമ്പിലെ ബിജെപി പ്രവര്‍ത്തകനായ രാജേഷ്, 2016ല്‍ തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം വധങ്ങളില്‍ മുഖ്യപ്രതി കൂടിയാണ് ടെന്‍ഷന്‍ ശ്രീജിത്ത്. ഇന്നലെ ശിക്ഷിക്കപ്പെട്ട മറ്റൊര് പ്രതിയായ സുനില്‍ കുമാറും വടക്കുംമ്പാട് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍പ്പെടാത്ത തസ്തികകളിലാണ് പാര്‍ട്ടി നിയമനം. കൊലപാതകത്തിന്റെ എണ്ണവും ക്രിമിനല്‍ പാശ്ചാത്തലവും മാനദണ്ഡമാക്കിയാണ് നിയമനം എന്നതും ശ്രദ്ധേയമാണ്. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി പരക്കം പായുമ്പോഴാണ് വിദ്യാഭ്യാസ മാനദണ്ഡം പോലും പരിഗണിക്കാതെ പാര്‍ട്ടി ഗുണ്ടകള്‍ക്ക് അവസരം നല്‍കിവരുന്നത്. കൂത്തുപറമ്പ് അയോദ്ധ്യാ നഗറിലെ ബിജെപി പ്രവര്‍ത്തകന്‍ പ്രമോദ് വധത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാരായ രണ്ടുപേരും ബേങ്ക് ജീവനക്കാരായിരുന്നു. സുരേഷ്ബാബു എന്നയാള്‍ കണ്ണൂര്‍ ജില്ലാസഹകരണബേങ്കിലും കുന്നപ്പാടി മനോഹരന്‍ ടെലിച്ചറിപബ്ലിക്ക് സര്‍വെന്‍സ് സഹകരണബേങ്കിലും ജീവനക്കാരാണ്. ഭരണസമിതിക്ക് പരിഗണിക്കാവുന്ന തസ്തികളിലാണ് ഇവര്‍ക്ക് നിയമനം നല്‍കുന്നത്. പിന്നീട് ചട്ടംലംഘിച്ച് സ്ഥാനക്കയറ്റവും മറ്റാനുകൂല്യങ്ങളും നല്‍കുകയും ചെയ്യും.

പടുവിലായിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷാജിയെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഉമേഷ്ബാബു, അശോകന്‍ എന്നിവര്‍ ജോലി ചെയ്യുന്നത് കുന്നിരിക്ക സര്‍വ്വീസ് സഹകരണ ബാങ്കിലാണ്. കൊലപാതകക്കേസിലെ പ്രതികള്‍ക്കാണ് ആശ്രിത നിയമനം എന്നരീതിയില്‍ പാര്‍ട്ടിയുടെ ജോലി തരപ്പെടുത്തല്‍ നടക്കുന്നത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധത്തിലെ മുഖ്യപ്രതിയും,സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ സന്തത സഹചാരിയുമായ വേണാടന്‍ വിക്രമനും ജോലി സഹകരണ ബാങ്കില്‍ തന്നെയായിരുന്നു. പാട്യം സര്‍വ്വീസ് സഹകരണബേങ്കില്‍ നൈറ്റ് വാച്ച്മാനായിരുന്നു വിക്രമന്‍ എന്ന സിപിഎം ക്രിമിനല്‍. പാനൂരിലെ ബിജെപി നേതാവ് പുളിഞ്ഞോളി ബാലന്‍ വധത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ മനോജ് എന്ന കൊളുത്തി മനോജിന് ഹാന്‍വീവിലാണ് പാര്‍ട്ടി ജോലി നല്‍കി സ്മരണ കാണിച്ചത്. 

കൊലയും കൊളളിവെപ്പും നടത്താന്‍ വരുംതലമുറക്ക് പ്രേരണ നല്‍കുന്ന സിപിഎം നേതൃത്വം കൊലപാതകികള്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കി പ്രതിരോധസേനക്ക് ശക്തി പകരുകയാണ്. സഹകരണബേങ്കുകള്‍ ഓരോ പ്രദേശത്തും ഭരണസ്വാധീനം ഉപയോഗിച്ച് തരപ്പെടുത്തി എടുക്കുകയും പിന്നീട് വിവിധ തസ്തികളിലേക്ക് പാര്‍ട്ടി നിര്‍ദ്ദേശാനുസരണം കൊലപാതകികളെ തിരുകി കയറ്റുകയുമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഹകരണ ബേങ്കുകളും, സഹകരണസ്ഥാപനങ്ങളും സിപിഎം നിയന്ത്രണത്തിലാണ്. ഇവിടങ്ങളില്‍ എല്ലാം പരിശോധിച്ചാല്‍ ക്രിമിനല്‍ സംഘങ്ങളുടെ കൂട്ടങ്ങള്‍ ജോലിയിലുണ്ടാവുകയും ചെയ്യും. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചവരും കേസില്‍ ഉള്‍പ്പെട്ടവരും ജോലിയില്‍ കയറുമ്പോള്‍ ഉദ്യോഗാര്‍ത്ഥിയായി കാത്തിരിക്കുന്ന മറ്റ് പാര്‍ട്ടി പ്രവര്‍ത്തകനും അവസരത്തിനായി ആയുധമെടുക്കാന്‍ ഇവിടെ നിര്‍ബന്ധിതരാവുന്ന സാമൂഹ്യസാഹചര്യവും സൃഷ്ടിക്കപ്പെടുകയാണ്. തലമുറകളെ കൂടി വഴിപിഴപ്പിക്കാന്‍ സഹകരണസ്ഥാപനങ്ങളില്‍ ചട്ടവിരുദ്ധമായി ജോലി നല്‍കി സാമൂഹ്യഭീഷണി ഉയര്‍ത്തുകയാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.