മെഡ്‌സിറ്റി: അനില്‍ ചക്രപാണി വധഭീഷണി മുഴക്കിയതായി പരാതി

Monday 25 June 2018 10:10 pm IST

 

കണ്ണൂര്‍: വ്യാജ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ കഴിയുന്ന മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ എംഡി അനില്‍ ചക്രപാണി ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി. കോഴിക്കോട് ജില്ലയിലെ എബി മാത്യു എന്നയളാണ് കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയത്. മെഡ്‌സിറ്റി ഇന്റര്‍ നാഷണലിന്റെ പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനം നല്‍കി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി എബി മാത്യു കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ പരാതിയുയര്‍ന്നിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മെഡ്‌സിറ്റി ചെയര്‍മാന്‍ രാഹുല്‍ ചക്രപാണിക്കെതിരെ പരാതി നല്‍കിയതാണ് വധ ഭീഷണിക്ക് കാരണം. 

തന്നെ വധിക്കുമെന്ന് അനില്‍ ചക്രപാണി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഏതാനും ദിവസങ്ങള്‍ക്കകം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഒരു തവണ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും താന്‍ ഓഫീസില്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തന്റെ വീട്ടിലെത്തിയ സംഘം അമ്മയെ ഭീഷണിപ്പെടുത്തുകയും തന്റെ അനുജന്റെ ഫോട്ടോ അയച്ച് തന്ന് അവനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ചക്രപാണിക്ക് ഭരണക്കാരുടെയും പോലീസിന്റെയും പിന്തുണയുള്ളതായും പരാതിയില്‍ പറയുന്നു. 

രാഹുല്‍ ചക്രപാണിയുടെ ഫോണ്‍ സംഭാഷണവും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അനില്‍ ചക്രപാണി, രാഹുല്‍ ചക്രപാണി, വി.സി.നിഖില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് മെഡ്‌സിറ്റി ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി റിമാന്റില്‍ കഴിയുകയാണ്. എന്നാല്‍ രാഹുല്‍ ചക്രപാണിയുടെ സഹോദരനും പാര്‍ട്ണറുമായ അനില്‍ ചക്രപാണിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ പോലീസ് തിരയുന്നതിനിടെയാണ് എബി മാത്യു പുതിയ പരാതിയുമായി രംഗത്ത് വന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.