വാടകക്കെട്ടിടത്തില്‍ വീര്‍പ്പുമുട്ടുന്ന ശ്രീകണ്ഠപുരം സബ്ട്രഷറിക്ക് കോട്ടൂരില്‍ പുതിയ കെട്ടിടം വരുന്നു

Monday 25 June 2018 10:11 pm IST

 

ശ്രീകണ്ഠാപുരം: വാടകക്കെട്ടിടത്തില്‍ വീര്‍പ്പ് മുട്ടുന്ന ശ്രീകണ്ഠാപുരം സബ്ട്രഷറിക്ക് കോട്ടൂരില്‍ പുതിയ കെട്ടിടം വരുന്നു. കോട്ടൂരിലെ പാറങ്കുളങ്ങര ജിമ്മി ജേക്കബ്, കാഞ്ഞിക്കല്‍ ബിജി തോമസ് എന്നിവര്‍ സൗജന്യമായി നല്‍കിയ എട്ടേമുക്കാല്‍ സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് കോട്ടൂര്‍ എസ്ഇഎസ് കോളജ് സ്‌റ്റോപ്പിന് സമീപത്തെ സ്ഥലം കേരള ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. 

ഒരു കോടിയോളം രൂപ ചെലവില്‍ കൗണ്ടിംഗ് മെഷീന്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയുമാണ് കെട്ടിടം നിര്‍മിക്കുന്നത്. ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ് പരിസരത്തെ വാടകക്കെട്ടിടത്തില്‍ രണ്ടാം നിലയിലാണ് നിലവില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്. ഓഫീസ് വരാന്തയില്‍ നില്‍ക്കാന്‍ ഇടമില്ലാത്തതിനാല്‍ പെന്‍ഷന്‍ വിതരണം ദിവസങ്ങളില്‍ ഇവിടെയെത്തുന്ന വയോജനങ്ങള്‍ താഴെ കടവരാന്തയില്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ജീവനക്കാരും വന്‍ ദുരിതമാണനുഭവിക്കുന്നത്. നിന്ന് തിരിയാനിടമില്ലാത്ത ഓഫീസില്‍ രേഖകള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ല. ശ്രീകണ്ഠപുരം നഗരസഭ, ഏരുവേശി, പയ്യാവൂര്‍, മലപ്പട്ടം, ഇരിക്കൂര്‍, ചെങ്ങളായി, പടിയൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പണമിടപാടുകള്‍ ശ്രീകണ്ഠപുരം സബ്ട്രഷറിയിലാണ്.

നേരത്തെ വളക്കൈ, ചെമ്പന്തൊട്ടി എന്നിവിടങ്ങളിലേക്ക് ട്രഷറി മാറ്റാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായിരുന്നില്ല. ശ്രീകണ്ഠപുരം ടൗണില്‍ തന്നെ ട്രഷറിക്കായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും അതും നടപ്പായില്ല.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.