അലിഗഡിൽ ദളിത് വിദ്യാർത്ഥികൾക്ക് സംവരണം നൽകണം; യുപി

Tuesday 26 June 2018 3:02 am IST

ന്യൂദല്‍ഹി: പ്രസിദ്ധമായ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥികള്‍ക്ക് സംവരണം നല്‍കാത്തതിനെതിരെ യുപി സര്‍ക്കാര്‍. അലിഗഡിലും ജാമിയ മിലിയ സര്‍വകലാശാലയിലും ദളിത് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. 

ബനാറസ് ഹിന്ദു സര്‍വകലാശാല പോലുള്ള എല്ലാ സര്‍വകലാശാലകളും ദളിത്, പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംവരണം നല്‍കുന്നുണ്ട്. എന്തുകൊണ്ട് അലിഗഡ് സര്‍വകലാശാല സംവരണം നല്‍കുന്നില്ല? ദളിതര്‍ക്ക് നേരേ വിവേചനം ഉണ്ടാകുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ അലിഗഡും ജാമിയ മിലിയയും ചെയ്യുന്ന വിവേചനം എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ, ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം നല്‍കാത്തത് കേന്ദ്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബിജെപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അലിഗഡ്, ജാമിയാ മിലിയ സര്‍വ്വകലാശാലകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രണ്ട് സര്‍വകലാശാലകള്‍ക്കും ന്യൂനപക്ഷ പദവി നല്‍കിയത്. 

അലിഗഡിലെ സീറ്റുകളില്‍ പകുതി അവിടെ പന്ത്രണ്ടാം ക്ലാസ് ജയിക്കുന്നവര്‍ക്കാണെന്നും ബാക്കി പകുതി മാത്രമാണ് പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുള്ളൂവെന്നുമാണ് സര്‍വകലാശാലാ വക്താവിന്റെ പ്രതികരണം. അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് 2005ല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി 2016ല്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 

ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍കിയതിനെയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് രണ്ട് സര്‍വ്വകലാശാലകളിലുമുള്ള വിലക്കിനെതിരെ കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രി താവര്‍ചന്ദ് ഗെലോട്ട് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുപി മുഖ്യമന്ത്രി പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.