ഇന്ദിരയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജെയ്റ്റ്‌ലി

Tuesday 26 June 2018 3:04 am IST

ന്യൂദല്‍ഹി: രാജ്യം അടിയന്തരാവസ്ഥയുടെ 43-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫേസ്ബുക്കിലൂടെയാണ് അടിയന്തരാവസ്ഥയെക്കുറിച്ചും ഇന്ദിരാഗാന്ധിയുടെ സമീപനങ്ങളെക്കുറിച്ചും അരുണ്‍ ജെയ്റ്റ്‌ലി വിവരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥിനേതാവായിരുന്ന ജെയ്റ്റ്‌ലിയെ പ്രതിഷേധം നയിച്ചതിന് തീഹാര്‍ ജയിലില്‍ അടച്ചിരുന്നു.

 ജൂണ്‍ 25ന് അര്‍ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിരാഗാന്ധി പൗരന്മാരുടെ എല്ലാ ഭരണഘടനാ അവകാശങ്ങളെയും നിഷേധിച്ചു. ജനാധിപത്യത്തിനു പകരം ഏകാധിപത്യമാണ് ഇന്ദിര ലക്ഷ്യമിട്ടത്. രാജ്യം മുഴുവന്‍ ഭീതി സൃഷ്ടിച്ചു. രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തി. അടിയന്തരാവസ്ഥയ്‌ക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ക്രൂരമായി നേരിട്ടു. പ്രതിഷേധങ്ങളും സത്യഗ്രഹങ്ങളും നടത്തിയവര്‍ ജയിലറകള്‍ക്കുള്ളിലായി. മാധ്യമങ്ങളുടെ വാ മൂടപ്പെട്ടു. പല എഡിറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്ദിരയുടെ സേച്ഛ്യാധിപത്യത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. ഇന്ത്യയില്‍ 'ഏകപാര്‍ട്ടി ജനാധിപത്യം' സ്ഥാപിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡ് മുഖപ്രസംഗമെഴുതി.

 ഇന്ദിരയുടെ പ്രവൃത്തികള്‍ എല്ലാം തന്നെ ഹിറ്റ്‌ലറെ അനുകരിക്കുന്നതായിരുന്നു. ഹിറ്റ്‌ലറുടെ 'റീച്ച്‌സ്റ്റാഗ്' എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്, പ്രതിപക്ഷം രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ദിര വാദമുയര്‍ത്തിയത്. ഹിറ്റ്‌ലറും ഇന്ദിരയും  ഭരണഘടനയെ റദ്ദാക്കിയില്ല. എന്നാല്‍ ഒരു റിപ്പബ്ലിക്കന്‍ ഭരണഘടനയുപയോഗിച്ച് അവര്‍ ജനാധിപത്യത്തെ സേച്ഛാധിപത്യത്തിലേക്ക് നയിക്കുകയായിരുന്നു. ഹിറ്റ്‌ലര്‍ ചെയ്തത് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്തശേഷം തന്റെ ന്യൂനപക്ഷ സര്‍ക്കാരിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാരാക്കി മാറ്റുകയായിരുന്നു. ഇന്ദിരയാകട്ടെ ജനപ്രാതിനിധ്യനിയമത്തെ ഭേദഗതി ചെയ്ത് നിയമപ്രാബല്യമില്ലാതായ തന്റെ തെരഞ്ഞെടുപ്പിനെ അംഗീകൃതമാക്കുകയായിരുന്നു. രാജ്യത്ത് ഒരു പ്രത്യേക വംശാവലിയുടെ ജനാധിപത്യസ്ഥാപനമാണ് ഇന്ദിരാഗാന്ധി ലക്ഷ്യമിട്ടത്. ജെയ്റ്റ്‌ലി കുറിച്ചു.

 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന കോണ്‍ഗ്രസിന്റെ അന്നത്തെ മുദ്രാവാക്യത്തിന് ജയപ്രകാശ് നാരായണന്‍ ഇന്ദിരയ്ക്ക് എഴുതിയ കത്തും ജെയ്റ്റ്‌ലി ഫേസ്ബുക്ക് കുറിപ്പില്‍ അനുസ്മരിക്കുന്നു. ''ഒരിക്കലും നിങ്ങളെ രാജ്യവുമായി താരതമ്യപ്പെടുത്താതിരിക്കുക. ഇന്ത്യക്ക് അമരത്വമുണ്ട്, നിങ്ങള്‍ക്കതില്ല.'' അതായിരുന്നു ജയപ്രകാശ് നാരായണന്റെ വാക്കുകള്‍.

അഭിപ്രായസ്വാതന്ത്രത്തെ തടയുകയും പ്രചാരവേല മാത്രം അനുവദിക്കുകയും ചെയ്താല്‍ അതിന്റെ ദൂഷ്യവശത്തിന്റെ ആദ്യ ഇര നിങ്ങള്‍ തന്നെയാവുമെന്നതാണ് അടിയന്തരാവസ്ഥ നല്‍കിയ പാഠമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.