ഒന്നര കോടി പണയസ്വര്‍ണത്തട്ടിപ്പ്; ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

Tuesday 26 June 2018 3:06 am IST

എരുമേലി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടില്‍ ഫിനാന്‍സിന്റെ എരുമേലി ബ്രാഞ്ചില്‍നിന്ന് ഒന്നരക്കോടി രൂപയുടെ പണയസ്വര്‍ണം തട്ടിയെടുത്ത കേസില്‍ ജീവനക്കാരിയുള്‍പ്പെടെ രണ്ടുപേരെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. 90 ലക്ഷം രൂപയുടെ തട്ടിപ്പ് മുഖ്യപ്രതിയായ ജീവനക്കാരി സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു.

ഡിവൈഎഫ്‌ഐ മേഖല സെകട്ടറി അജിയുടെ ഭാര്യ ശ്രീനിപുരം സ്വദേശി അലങ്കാരത്ത് വീട്ടില്‍ ജെഷ്‌ന സലിം (34), സഹായി വേങ്ങാശ്ശേരി വീട്ടില്‍ അബു താഹിര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് അഞ്ച് പേര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേ സമയം ജീവനക്കാരിക്കൊപ്പം കാണാതായ ഭര്‍ത്താവും ഡിൈവഎഫ്‌ഐ നേതാവുമായ അജിയെ കേസില്‍നിന്ന് പോലീസ് ഒഴിവാക്കി. സിപിഎമ്മിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്നാണ് സംശയിക്കുന്നത്. 

 തട്ടിയെടുത്ത പണയസ്വര്‍ണ ഉരുപ്പടികള്‍ സംഘത്തിലുള്ളവരുടെ പേരില്‍ ഇതേ സ്ഥാപനത്തിലും, എരുമേലിയിലെ മറ്റ് രണ്ട് ബാങ്കുകളില്‍ പണയം വെച്ചുമായിരുന്നു തട്ടിപ്പ്. പണയം വെച്ച് ഒരുവര്‍ഷം കഴിഞ്ഞതും, തിരിച്ചെടുക്കാത്ത പണയ ഉരുപ്പടികള്‍ സ്ഥാപനത്തിന്റെ ഉടമകളറിയാതെ പലിശ അടച്ച് പുതുക്കി വച്ചശേഷം, സീല്‍ചെയ്ത കവര്‍ പൊട്ടിച്ച് സ്വര്‍ണമെടുത്ത് പകരമായി നാണയങ്ങള്‍, ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍ എന്നിവ തിരികെ തൂക്കം അനുസരിച്ച് വച്ചായാരുന്നു തട്ടിപ്പ്. 246 കവറുകളില്‍ നിന്നായി 4.5 കിലോയിലധികം സ്വര്‍ണാഭരണങ്ങളാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. രണ്ടുവര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്ത ജെഷ്‌ന കഴിഞ്ഞ പെരുന്നാള്‍ ദിവസം അവധിയെടുക്കുകയും, അന്ന് പണയം തിരിച്ചെടുക്കാന്‍ ഒരാള്‍ വന്നതുമാണ് തട്ടിപ്പ് പുറത്താകാന്‍ കാരണമായത്. സ്ഥാപനത്തില്‍ പണമിടപാടിന് വന്ന സുഹൃത്തുക്കള്‍ വഴിയാണ് തട്ടിപ്പിന് ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

തട്ടിപ്പ് സംഘത്തില്‍പ്പെട്ട കനകപ്പലം സ്വദേശി പുളിവേലില്‍ അനീഷിന് മാത്രം 50 ലക്ഷം കൊടുത്തുവെന്നും, സംഘത്തിലുള്ള മറ്റുള്ളവര്‍ക്കും ലക്ഷങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ 7 ലക്ഷം രൂപ വാങ്ങിയ അബു താഹീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ ഈരാറ്റുപേട്ട എരുമേലി സ്വദേശികളാണ്.  ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഡി. സുനില്‍കുമാര്‍ പറഞ്ഞു. പ്രതികളില്‍നിന്നും തട്ടിപ്പ് നടത്തിയ സ്വര്‍ണമോ പണമോ ഇതുവരെ കണ്ടെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.