മതം മാറിയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ സാധുത പരിശോധിക്കാതെ വിവാഹം രജിസ്റ്റര്‍ ചെയ്യണം:ഹൈക്കോടതി

Tuesday 26 June 2018 3:04 am IST

കൊച്ചി : വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കുന്ന വധൂവരന്മാര്‍ മതം മാറിയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍  മതം മാറ്റത്തിന്റെ സാധുത പരിശോധിക്കാതെ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫിലിപ്പൈന്‍ യുവതിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെതിരെ തൃശൂര്‍ സ്വദേശി എ.എം പ്രണവ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇതു വ്യക്തമാക്കിയത്. 

ഹിന്ദു മതത്തിലേക്ക് മാറാന്‍ പ്രത്യേക ചടങ്ങുകള്‍ പറയുന്നില്ല. വിവാഹത്തില്‍ ദുരുദ്ദേശ്യം ഉണ്ടെന്ന് സംശയിക്കാനുമാവില്ല. അതുകൊണ്ടു തന്നെ അപേക്ഷ നിരസിക്കാനാവില്ല. രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമത്തിനനുസരിച്ച് വിവാഹം നടന്നോ എന്ന്പരിശോധിച്ചാല്‍ മതി,  കോടതി പറഞ്ഞു. ഹിന്ദുമതത്തിലേക്ക് മാറുന്നതിന് ഔപചാരിക നടപടികള്‍ ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഹിന്ദു മതം സ്വീകരിച്ചെന്ന് ഒരാള്‍ പ്രഖ്യാപിച്ചാല്‍ അയാളെ ഹിന്ദുവായി അംഗീകരിച്ച് പൊതു അധികാരികള്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്.

മതം മാറ്റത്തിന് സാധുതയുണ്ടോ എന്നതടക്കമുള്ള വിശദമായ പരിശോധന ആവശ്യമില്ല. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള ചടങ്ങുകള്‍ കല്യാണത്തിനു നടന്നിട്ടുണ്ടോ, വിവാഹിതരാകാന്‍ നിയമ പ്രകാരം യോഗ്യരാണോ, എന്നിവ വിലയിരുത്തി രജിസ്റ്റര്‍ ചെയ്യണം. ഹര്‍ജിക്കാരന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ഫിലിപ്പൈന്‍ യുവതിയായ എയ്രില്‍ സീഷന്‍ ലോറയെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഹിന്ദുമതത്തിലേക്ക് മാറ്റിയ ശേഷം 2016 സെപ്തംബര്‍ 13 നാണ് ഹര്‍ജിക്കാരന്‍ കല്യാണം കഴിച്ചത്. യുവതി ഹിന്ദു മതം സ്വീകരിച്ചെന്ന് വ്യക്തമാക്കി ക്ഷേത്രത്തിലെ  അധികൃതരുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍ മതം മാറ്റം നിയമപരമാണോ എന്ന സംശയത്തിന്റെ പേരില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിവാഹ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ അപേക്ഷ നിരസിച്ചു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.