റോഡ്രിഗസ് മിന്നി; പോളണ്ട് പുറത്ത്

Tuesday 26 June 2018 3:12 am IST

മോസ്‌ക്കോ: പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലിറങ്ങിയ ജെയിംസ് റോഡ്രിഗസ്  കൊളംബിയയെ വിജയട്രാക്കിലേക്ക് പിടിച്ചുകയറ്റി.  ലോകകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ കൊളംബിയ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ മുക്കി. ഇതോടെ കൊളംബിയയ്ക്ക് പ്രീ - ക്വാര്‍ട്ടര്‍ സാധ്യതയായി. അതേസമയം പോളണ്ട് പുറത്തായി.

കളം നിറഞ്ഞുകളിച്ച ജെയിംസ് റോഡ്രിഗസാണ് ഹീറോ. കൊളംബിയയുടെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ഈ മധ്യനിരക്കാരനാണ്. നാല്‍പ്പതാം മിനിറ്റില്‍ യെറി മിനായുടെയും 75-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയുടെ ഗോളിനും പിന്നില്‍ റോഡ്രിഗ്‌സായിരുന്നു. ക്യാപറ്റന്‍  ഫാല്‍ക്കോ ഒരു ഗോള്‍ നേടി.

ആദ്യ മത്സരത്തില്‍ ജപ്പാനോട് തകര്‍ന്ന കൊളംബിയയ്ക്ക് ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റായി. ജപ്പാനും സെനഗലും നാലു പോയിന്റ് വീതം നേടി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച സെഗനലിതെ തുരത്തിയാല്‍ കൊളംബിയയ്ക്ക് പ്രീ- ക്വാര്‍ട്ടറിലെത്താം. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു.

പോളണ്ട് പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. തുടക്കത്തില്‍ പതറിയ കൊളംബിയ പിന്നീട് കളിക്കളം വാണു. അവരുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ പോളിഷ് പ്രതിരോധം തകര്‍ന്നു. 40-ാം  മിനിറ്റില്‍ കൊളംബിയ ആദ്യ ഗോള്‍ നേടി. യുവാന്‍ ക്വിന്‍ടെറോയും റോഡ്രിഗസും ചേര്‍ന്നു നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. റോഡ്രിഗസ്  ഗോള്‍ മുഖത്തേയ്ക്ക് ഉയര്‍ന്നിയ പന്ത് യെറി മിനഹെഡറിലുടെ ഗോളിലേക്ക് തിരിച്ചുവിട്ടു. 

ഗോള്‍ മടക്കാനായി പോളണ്ട് രണ്ടാം പകുതിയില്‍ പോരാട്ടം ശക്തമാക്കി. 58-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌ക്കിക്ക് ഗോള്‍ നേടാന്‍ അവസരവും ലഭിച്ചു. ലെവന്‍ഡോസ്‌ക്കിയുടെ ഷോട്ട് കൊളംബിയന്‍ ഗോളി രക്ഷപ്പെടുത്തി.പന്ത്രണ്ട് മിനിറ്റുകള്‍ക്കുശേഷം കൊളംബിയ വീണ്ടും ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ഫാല്‍ക്കോയാണ് ഗോളടിച്ചത്. ലോകകപ്പില്‍ ഫാല്‍ക്കോയുടെ ആദ്യ ഗോളാണിത്. അഞ്ചു മിനിറ്റിനുള്ളില്‍ മൂന്നാം ഗോളും വീണതോടെ പോളണ്ടിന്റെ കഥ കഴിഞ്ഞു. റോഡ്രിഗസിന്റെ പാസ് മുതലാക്കി ക്വാഡ്രാഡോയാണ് സ്‌കോര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.