'ബിജെപിയുടെ പ്രഖ്യാപിത നയം' നിയമനിർമാണ ബില്ലായി എത്തും

Tuesday 26 June 2018 3:12 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്ത് 10 വരെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപിയുടെ പ്രഖ്യാപിത നയത്തില്‍ ഉള്‍പ്പെടുന്ന ഒരു സുപ്രധാന വിഷയത്തില്‍ രാജ്യസഭയില്‍ നിയമനിര്‍മാണ ബില്ലവതരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. 

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പ്രതിപക്ഷ ബഹളത്തില്‍ അവസാനിച്ചത് ആവര്‍ത്തിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ താത്പര്യവിഷയങ്ങള്‍ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാനമായും അവതരിപ്പിക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററികാര്യ കാബിനറ്റ് സമിതിയാണ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചത്. പതിനെട്ടു പ്രവര്‍ത്തിദിനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സെഷനില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാര്‍ അറിയിച്ചു. കാലാവധി അവസാനിക്കാറായ ആറ് ഓര്‍ഡിനന്‍സുകള്‍ സഭയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്. 

ഭരണഘടനയുടെ 123-ാം ഭേദഗതി ബില്‍, മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്‍, ഭിന്നലിംഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പു വരുത്തുന്ന നിയമ ഭേദഗതി എന്നിവയാണ് സമ്മേളന കാലത്ത് പരിഗണനയ്ക്ക് തയാറാക്കിയിരിക്കുന്നത്. 

ഇതിന് പുറമേയാണ് ബിജെപിയുടെ പ്രഖ്യാപിത നയം സംബന്ധിച്ച സുപ്രധാന നിയമനിര്‍മാണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ അനുമതിയോടെ ബില്‍ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കയച്ചിട്ടുണ്ട്. നയപരമായ കാര്യമായതിനാല്‍ കൂടുതല്‍ കൂടിയാലോചനകള്‍ ഇക്കാര്യത്തിലുണ്ടാകും. 

പ്രൊഫ.പി.ജെ. കുര്യന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്ന ആദ്യ ദിനം ഉണ്ടാകും. നീരവ് മോദി തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ തട്ടി, കഴിഞ്ഞ സമ്മേളനകാലത്ത് 250 മണിക്കൂറാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും കൂടി സ്തംഭിച്ചത്. ഇത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.