അഞ്ച് സിപിഎമ്മുകാർക്ക് ജീവപര്യന്തം

Tuesday 26 June 2018 3:15 am IST

തലശ്ശേരി: ബിജെപി പ്രവര്‍ത്തകനും ലോറി ക്ലീനറുമായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലിയാട്ട് നിഖിലിനെ (23) ലോറിയില്‍ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

സിപിഎം പ്രവര്‍ത്തകരായ വടക്കുമ്പാട്ടെ തെക്കേ കണ്ണോളി വീട്ടില്‍ ടെന്‍ഷന്‍ എന്ന ശ്രീജിത്ത് (39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വിനോയ് (31), ഗുംട്ടിക്കടുത്ത് റസീന മന്‍സിലില്‍ കെ.പി.മനാഫ് (42), വടക്കുമ്പാട് പോസ്റ്റാഫിസിന് സമീപം ജയരാജ് ഭവനില്‍ പി.പി. സുനില്‍കുമാര്‍ (51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ മര്‍ഷൂദ് (34) എന്നിവരെയാണ് ശിക്ഷിച്ചത്. 

പ്രതികള്‍ പിഴയൊടുക്കിയില്ലെങ്കില്‍ ഒരു കൊല്ലം അധിക തടവ് അനുഭവിക്കണം. പിഴയൊടുക്കിയാല്‍ സംഖ്യയില്‍ നിന്നും ഒന്നര ലക്ഷം രൂപ കൊല്ലപ്പെട്ട നിഖിലിന്റെ പിതാവ് അനില്‍കുമാറിന് നല്‍കാനാണ് കോടതി ഉത്തരവ്.

2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നിഖില്‍ കൊല്ലപ്പെട്ടത്. എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവരില്‍ എട്ടാം പ്രതി മൂലാന്‍ ശശിധരന്‍ വിചാരണയ്ക്കിടയില്‍ മരിച്ചു. നാലാം പ്രതി ഗൂട്ടിയിലെ ഉമ്മലില്‍ യു. ഫിറോസ്, ഏഴാം പ്രതി കൂളിബസാറിലെ വയനാന്‍ വത്സന്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചിരുന്നു. 

65 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ സിപിഎം ഭീഷണിയെ തുടര്‍ന്ന് 16 പേര്‍ കൂറുമാറിയിരുന്നു. ഭീഷണിക്ക് മുന്നില്‍ പതറാതെ മൊഴി നല്‍കിയ സാക്ഷിക്ക് മര്‍ദനവുമേറ്റിരുന്നു. സിപിഎമ്മിന്റെ നിരന്തര ഭീഷണി നിലനില്‍ക്കെ തന്നെയാണ് 44 പേരെ വിസ്തരിച്ചിരുന്നത്. 67 രേഖകളും 16 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പാറക്കെട്ട് കൂളി ബസാറിലെ മാലിയാട്ട് അനില്‍കുമാറിന്റെയും ശ്യാമളയുടെയും മകനാണ് നിഖില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.