കഞ്ചിക്കോട്: സിപിഎമ്മിന് പിന്നാലെ സമരനാടകവുമായി കോൺഗ്രസ്

Tuesday 26 June 2018 3:17 am IST

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം. നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്‍ പരിഗണിച്ച ദിവസത്തെ കേരള നിയമസഭയുടെ കറുത്ത ദിനമെന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ബില്‍ പാസാക്കി. പ്രതിപക്ഷം സഭ വിട്ടു. പതിപക്ഷത്തോട് സഹതാപമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

2008ല്‍ വിഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലാണ് ഭേദഗതി വരുത്തിയത്. നികത്തിയ ഭൂമിക്ക് ഒരു നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ച് ക്രമപ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് പ്രധാന ഭേദഗതി. 

പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കിലും സംസ്ഥാന തല സമിതികള്‍ക്ക് തീരുമാനമെടുക്കാം എന്ന വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്ക് പുറമെ വിജ്ഞാപനം ചെയ്യാത്ത ഭൂമി എന്ന പുതിയ ഭാഗം ചേര്‍ത്തിട്ടുണ്ട്. വിജ്ഞാപനം ചെയ്യാത്ത ഭൂമി ഏറെ ഉള്ളതിനാല്‍ ഈ പഴുത് വന്‍കിടക്കാര്‍ ഉപയോഗിക്കുമെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. 

സബ്ജകട് കമ്മിറ്റിയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങളായ പി.ബി. അബ്ദുള്‍ റസാഖ്, അടൂര്‍ പ്രകാശ്, എം. ഉമ്മര്‍ എന്നിവരുടെ വിയോജിപ്പോടെയാണ് ബില്‍ നിയമസഭയിലെത്തിയത്. ബില്‍ സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന ഭിന്നത ഉഭയകക്ഷി ചര്‍ച്ചയിലാണ് പരിഗണിച്ചത്. സിപിഐ അംഗങ്ങള്‍  സബ്ജകറ്റ് കമ്മിറ്റിയില്‍ ബില്ലിന്റെ വ്യവസ്ഥകളെ എതിര്‍ത്തിരുന്നെങ്കിലും സഭയില്‍ പിന്തുണച്ചു.

സ്വകാര്യ ആവശ്യങ്ങള്‍ക്കും ഭാവിയില്‍ നിലം നികത്താന്‍ അവസരം നല്‍കുന്നതാണ് ബില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 2008ലെ ബില്ലിന്റെ ചരമക്കുറിപ്പാണ് പിണറായി സര്‍ക്കാരിന്റെ ഭേദഗതി എന്ന് വി.ഡി. സതീശന്‍ പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി സംബന്ധിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്നായിരുന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടി. 

തണ്ണീര്‍ത്തടമെന്ന് വിജ്ഞാപനം ചെയ്യാന്‍ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഡാറ്റാബാങ്ക് തയാറാക്കി അതില്‍ ഉള്‍പ്പെടണം എന്നതാണ് പുതിയ വ്യവസ്ഥ. സംസ്ഥാനത്തെ ആയിരത്തോളം പഞ്ചായത്തുകളില്‍ നാമമാത്രമായ പഞ്ചായത്തുകളില്‍ മാത്രമാണ് ഡാറ്റാ ബാങ്ക് തയാറാക്കിയിട്ടുള്ളത്. ഭേദഗതി ഭൂരിപക്ഷം പ്രദേശത്തെ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും രൂപാന്തരപ്പെടുന്നതിന് ഇടവരും. നീരൊഴുക്ക് തടസ്സപ്പെടുന്നില്ലെന്ന ഉറപ്പു വരുത്തി ആര്‍ഡിഒയ്ക്ക് പരിവര്‍ത്തനത്തിന് അനുമതി നല്‍കാം. പ്രാദേശിക നിരീക്ഷണ സമിതികളില്‍ നിക്ഷിപ്തമായിരുന്ന അധികാരം ഉദ്യോഗസ്ഥരിലേക്ക് മാറും.

ന്യായവിലയുടെ 50 ശതമാനം ഫീസടച്ചാല്‍ റവന്യു രേഖകളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഭേദഗതി നടപ്പിലാകുന്നതോടെ നിലവിലുള്ള 1.9 ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമാകുമെന്നാണ് കണക്കാക്കുന്നത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.