സുരക്ഷ ഭീഷണി; പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Tuesday 26 June 2018 11:51 am IST
നരേന്ദ്രമോദിയുടെ പ്രത്യേക സുരക്ഷാ സംഘത്തിന്റെ അനുമതിയില്ലാതെ ഇനി മുതല്‍ മന്ത്രിമാരടക്കമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ഉണ്ടാകില്ല.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രധാനമന്ത്രിയ്ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നരേന്ദ്രമോദിയുടെ പ്രത്യേക സുരക്ഷാ സംഘത്തിന്റെ അനുമതിയില്ലാതെ ഇനി മുതല്‍ മന്ത്രിമാരടക്കമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ഉണ്ടാകില്ല.

പൊതു പരിപാടികളില്‍ മോദിയുടെ തൊട്ടടുത്തേക്ക് പ്രവേശനം നിയന്ത്രിക്കും. പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ കടുത്ത പരിശോധനയ്ക്കു ശേഷം മാത്രമേ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കു പോലും പ്രധാനമന്ത്രിയുടെ സമീപത്തേക്ക് എത്താനാകൂ. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച വഴികളിലൂടെയുള്ള റോഡ് ഷോകള്‍ വലിയ ഭീഷണിയാണെന്നും മുന്നറിയിപ്പുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലൊക്കെ പോലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സുരക്ഷാ വലയം ഒരുക്കും. ഇതിന്റെ ഭാഗമായി, പ്രധാനമന്ത്രിക്കൊപ്പമുള്ള കമാന്‍ഡോകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പ്രദേശത്ത് 15 ദിവസം മുന്‍പ് മുതല്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കും.

രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോവാദികളും ഭീകരസംഘടനകളും നീക്കം നടത്തുന്നതായി അടുത്തിടെ പൂനെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.