കര്‍ണാടകയില്‍ പ്രതിസന്ധി: ബജറ്റ് അവതരിപ്പിക്കാന്‍ പോലും സാധിക്കുന്നില്ല

Tuesday 26 June 2018 3:18 pm IST
പുതിയ എംഎല്‍എ മാര്‍ക്ക് പഴയ ബജറ്റില്‍ യാതൊരു അറിവുമില്ല. അവരുടെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുത്തു വേണം പുതിയ ബജറ്റ് അവതരിപ്പിക്കാന്‍. താന്‍ ആരുടേയും കാരുണ്യത്തില്‍ മുഖ്യമന്ത്രിയായതല്ല. ആരുടേയും ദയയിലല്ല തുടരുന്നതെന്നും കുമാര സ്വാമി വ്യക്തമാക്കി.

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റ് അവതരണം പ്രതിസന്ധിയില്‍. പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിര്‍പ്പുയര്‍ത്തിയതോടെയാണ് സഖ്യത്തെ ബാധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ വഷളായത്. തന്റെ സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ബജറ്റ് മറികടക്കാന്‍ അനുവദിക്കില്ലെന്നാണ് സിദ്ധരാമയ്യയുടേയും അനുയായികളുടേയും തീരുമാനം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് അവതരണ കാലത്തുള്ള നൂറോളം എംഎല്‍എ മാര്‍ ഇപ്പോളില്ല എന്നതാണ് കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നത്.

പുതിയ എംഎല്‍എ മാര്‍ക്ക് പഴയ ബജറ്റില്‍ യാതൊരു അറിവുമില്ല. അവരുടെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുത്തു വേണം പുതിയ ബജറ്റ് അവതരിപ്പിക്കാന്‍. താന്‍ ആരുടേയും കാരുണ്യത്തില്‍ മുഖ്യമന്ത്രിയായതല്ല. ആരുടേയും ദയയിലല്ല തുടരുന്നതെന്നും കുമാര സ്വാമി വ്യക്തമാക്കി. ജൂലൈ അഞ്ചിനാണ് കുമാരസ്വാമി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തണം . പഴയ ബജറ്റില്‍ തുടര്‍ന്നാല്‍ അത് നടക്കില്ലെന്നും കുമാര സ്വാമി പറഞ്ഞു.

ബജറ്റ് വിഷയത്തില്‍ മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാല്‍ പഴയ ബജറ്റ് അതുപോലെ തന്നെ നടക്കട്ടെ , പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ അത് ചേര്‍ത്താല്‍ മതിയെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. സിദ്ധരാമയ്യ അനുയായികളോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് അസ്വാരസ്യം മൂര്‍ച്ഛിച്ചത്.

'അവര്‍ പുതിയ ബജറ്റ് അവതരിപ്പിക്കും . എന്നിട്ട് രാഹുല്‍ ഗാന്ധിയെ പോയി കാണും . പിന്നെ പറയും രാഹുല്‍ പച്ചക്കൊടി കാണിച്ചിട്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന്. പരമേശ്വരയും പറയും പുതിയ സര്‍ക്കാര്‍ വന്നാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത് സ്വാഭാവികമാണെന്ന്. എന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. അതേസമയം മുഖ്യമന്ത്രി പദം രാഹുല്‍ ഗാന്ധിയുടെ കാരുണ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്ന കുമാര സ്വാമിയും നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.