ജെസ്‌നയുടെ തിരോധാനം: ഹേബിയസ് കോര്‍പ്പസ് തള്ളി

Tuesday 26 June 2018 4:38 pm IST
വ്യക്തതയില്ലാത്ത ആശങ്കയുടെ പേരില്‍ കോടതിക്ക് ഉത്തരവ് നല്‍കാനാവില്ല. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ അന്വേഷണത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞൂ.

കൊച്ചി: കോളേജ് വിദ്യാര്‍ഥിനി ജെസ്നയെ ആരെങ്കിലും അന്യായമായി തടവിലാക്കിയെന്ന് ഹര്‍ജിക്കാര്‍ക്ക് വ്യക്തമായ പരാതിയില്ലാത്ത സാഹചര്യത്തില്‍ ഹേബിയസ് ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്യായമായി തടവിലാക്കിയവരെ കണ്ടെത്താനുപയോഗിക്കുന്നതാണ് ഹേബിയസ് ഹര്‍ജി. വ്യക്തതയില്ലാത്ത ആശങ്കയുടെ പേരില്‍ കോടതിക്ക് ഉത്തരവ് നല്‍കാനാവില്ല. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ അന്വേഷണത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞൂ. ജെസ്നയുടെ സഹോദരന്‍ ജെയ്സും, അഡ്വ. ഷോണ്‍ ജോര്‍ജും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

മാര്‍ച്ച് 20 നാണ് ജെസ്നയെ കാണാതായെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയത്. ജെസ്‌ന ആരുടെയെങ്കിലും തടവിലാണെന്ന് വ്യക്തമായ ആക്ഷേപം ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഏതോ ക്രിമിനല്‍ സംഘത്തിന്റെ പിടിയിലായെന്ന് കേട്ടതായി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍ പറയുന്നു. അതേ സമയം ആരോ തട്ടിക്കൊണ്ടു പോയതാവാം എന്ന് സഹോദരന്റെ ഹര്‍ജിയില്‍ പറയുന്നു. ഈ അവസരത്തില്‍ ഹേബിയസ് ഹര്‍ജിയിലൂടെ പരിഹാരം തേടാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു. 

ജെസ്‌നയെ കണ്ടെത്താന്‍ സാധ്യമായ അന്വേഷണങ്ങള്‍ എല്ലാം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജെസ്‌നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഈ ഹര്‍ജിയിലെ വിലയിരുത്തലുകള്‍ സിബിഐ അന്വേഷണ ഹര്‍ജിയിലെ നടപടികളെ ബാധിക്കരുതെന്ന നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.