സിബിഐ അന്വേഷണം വേണം; കെവിന്‍ വധത്തില്‍ പുതിയ നീക്കവുമായി പ്രതിഭാഗം

Tuesday 26 June 2018 6:04 pm IST
കെവിന്‍ വധക്കേസിലെ പ്രധാന പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം പുതിയ നീക്കം നടത്തിയത്. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പ്രതിഭാഗം കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

കോട്ടയം: കെവിന്‍ വധത്തില്‍ പുതിയ നീക്കവുമായി പ്രതിഭാഗം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. അപകടമരണത്തെ കൊലപാതകം ആക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു. ഏക സാക്ഷി അനീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും, അനീഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും പ്രതിഭാഗം അറിയിച്ചു.

കെവിന്‍ വധക്കേസിലെ പ്രധാന പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം പുതിയ നീക്കം നടത്തിയത്. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പ്രതിഭാഗം കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. രക്ഷപ്പെട്ട് ഓടുന്നതിനിടെ പുഴയില്‍ വീണാണ് കെവിന്‍ മരിച്ചതെന്നും അപകടമരണത്തെ കൊലപാതകമാക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം ആരോപിച്ചു.

സംഭവത്തിലെ ഏക സാക്ഷിയായ അനീഷിനെ സംശയത്തിന്റെ നിഴലില്‍ ആക്കാനും പ്രതിഭാഗം നീക്കം നടത്തി. അനീഷ് പലതവണ മൊഴിമാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനീഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

നീനുവിന് മാനസിക രോഗം ഉണ്ടെന്ന് കോടതിയില്‍ വാദിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്ന പുതിയ നീക്കവുമായി പ്രതിഭാഗം രംഗത്തെത്തിയത്. അതിനിടെ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.