ഭക്ഷ്യസുരക്ഷ അപകടത്തില്‍; ലൈസന്‍സ് നല്‍കുന്നത് കണ്ണുംപൂട്ടി

Wednesday 27 June 2018 1:15 am IST
ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലയളവിലേക്ക് ലൈസന്‍സ് നല്‍കിയാല്‍ പിന്നീട് മറ്റു പരിശോധനകളും നടത്താറില്ല. ഇതാണ് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വ്യാപകമാകാന്‍ കാരണം.

കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നല്‍കുന്നത് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളില്‍ ഓണ്‍ലൈനായി തന്നെ നടപടികള്‍ സ്വീകരിക്കുകയാണ്. ഇതുമൂലം സ്ഥാപനത്തില്‍ സുരക്ഷിതമായി ഭക്ഷ്യോത്പന്നങ്ങളുണ്ടാക്കാനുള്ള സംവിധാനമുണ്ടോയെന്ന് അറിയാവാനാവാത്ത സ്ഥിതിയായി. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലയളവിലേക്ക് ലൈസന്‍സ് നല്‍കിയാല്‍ പിന്നീട് മറ്റു പരിശോധനകളും നടത്താറില്ല. ഇതാണ് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വ്യാപകമാകാന്‍ കാരണം. 

സംസ്ഥാനത്ത് ഒരു താലൂക്കില്‍ ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്. ഒരു താലൂക്കില്‍ ശരാശരി 15,000 സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടുകടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവിടങ്ങളിലെല്ലാം ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് പരിശോധന നടത്താനുള്ളത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് കീഴില്‍ പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയോ സാനിട്ടറി ഉദ്യോഗസ്ഥരെയോ നിയമിക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ, സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ തന്നെ അപകടത്തിലേക്കാണ് നീങ്ങുന്നത്. 

തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തുന്നത് തടയാന്‍ കഴിയാതിരുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ്. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പിടികൂടുന്നുണ്ടെങ്കിലും മറ്റ് ഉത്പന്നങ്ങളിലെ മായം കണ്ടുപിടിക്കാനുള്ള നടപടികള്‍ കാര്യമായി നടക്കുന്നില്ല. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ പുതിയ  പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എറണാകുളം മരടില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവവും വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സംസ്ഥാനത്ത് കണ്ണുംപൂട്ടി ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ ഖജനാവിനും കോടികളാണ് നഷ്ടമാകുന്നത്. ഒരു മാസം ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് 100 രൂപയാണ് വാര്‍ഷിക ലൈസന്‍സ്. അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് എടുത്താല്‍ 500 രൂപ നല്‍കിയാല്‍ മതി. എന്നാല്‍, ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള സ്ഥാപനങ്ങളും വരുമാനം കുറച്ച് കാണിച്ച് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് സമ്പാദിക്കുകയാണ്. രജിസ്‌ട്രേഷനും ലൈസന്‍സും ഓണ്‍ലൈന്‍ വഴിയാക്കിയതോടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഉദ്യോഗസ്ഥരും മടി കാണിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.