ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ സിപിഎം നീക്കം

Wednesday 27 June 2018 1:17 am IST
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം തകര്‍ക്കാനും അലങ്കോലപ്പെടുത്താനും സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ ഹൈന്ദവ വിശ്വാസികള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഘോഷയാത്ര ഉള്‍പ്പെടെയുളള പരിപാടികളില്‍ പങ്കെടുത്തതോടെ പാര്‍ട്ടിശ്രമം പരാജയപ്പെട്ടിരുന്നു.

കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ സിപിഎം നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ക്ഷേത്രഭാരവാഹികളുടേതെന്ന പേരില്‍ സിപിഎം ജില്ലാ നേതൃത്വം കണ്‍വെന്‍ഷന്‍ നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കാലങ്ങളായി നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം ഉള്‍പ്പെടെ പരാജയപ്പെടുത്താനും സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ ക്ഷേത്രങ്ങളിലേക്ക് കടന്നു കയറാനുമുളള നീക്കത്തിന്റെ ഭാഗം കൂടിയാണ് യോഗം.

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം തകര്‍ക്കാനും അലങ്കോലപ്പെടുത്താനും സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍  ഹൈന്ദവ വിശ്വാസികള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഘോഷയാത്ര ഉള്‍പ്പെടെയുളള പരിപാടികളില്‍ പങ്കെടുത്തതോടെ പാര്‍ട്ടിശ്രമം പരാജയപ്പെട്ടിരുന്നു. വലിയ തിരിച്ചടിയായിരുന്നു സിപിഎമ്മിന് ഇതുവഴി ഉണ്ടായത്. ഇതിനു പുറമേ ഗണേശോത്സവം ഉള്‍പ്പെടെയുളള പരിപാടികള്‍ സിപിഎം ഏറ്റെടുത്തു നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. 

ഏറ്റവും ഒടുവില്‍ കത്വ സംഭവത്തിന്റെ പേരില്‍ രാമനുണ്ണിയെ മുന്‍നിര്‍ത്തി ചിറക്കല്‍ കടലായി ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണം എന്ന പേരില്‍ ആഭാസ സമരം സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.  

ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലേക്ക് വര്‍ഗീയതയും മതേതരവും പറഞ്ഞ് കയറിച്ചെല്ലാനുളള നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നതയുണ്ട്. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ക്ഷേത്രാങ്കണങ്ങളെ രാഷ്ട്രീയ വേദിയാക്കി മാറ്റാനുളള ഗൂഢനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. മതേതരത്വം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിലേക്ക് പോകാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസുവും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും സിപിഎം സഹയാത്രികരായ ചില കപട ആധ്യാത്മികവാദികളുമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.