വിള ഇന്‍ഷ്വറന്‍സ് പൊതുമേഖലാ ബാങ്കുകള്‍ മുഖം തിരിക്കുന്നു

Wednesday 27 June 2018 1:18 am IST
കാര്‍ഷിക വായ്പ നല്‍കുന്ന സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഈ ഇന്‍ഷ്വറന്‍സ് പദ്ധയിലേക്കുള്ള കര്‍ഷക വിഹിതം അടക്കണം. അതിനുള്ള തുക അവര്‍ കര്‍ഷകരില്‍നിന്ന് ഈടാക്കണമെന്നാണ് നിബന്ധന. എന്നാല്‍ ഇക്കാര്യം വായ്പയെടുത്ത ഭൂരിപക്ഷം കര്‍ഷകരും അറിഞ്ഞിട്ടില്ല. മറ്റ് കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക ലഭിച്ചു തുടങ്ങിയപ്പോഴാണ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ചതി മനസ്സിലാവുന്നത്.

പാലക്കാട്: കാലാവസ്ഥ വ്യതിയാനം മൂലം വിളനഷ്ടമുണ്ടാകുന്ന കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയോട് പൊതുമേഖലാ ബാങ്കുകള്‍ മുഖംതിരിക്കുന്നു. വായ്പയെടുത്ത കര്‍ഷകരുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക ഈടാക്കാനും കമ്പനിക്ക് നല്‍കാനും പൊതുമേഖലാ ബാങ്കുകള്‍ മടികാണിക്കുന്നുവെന്നാണ് ആരോപണം.

കേന്ദ്ര-സംസ്ഥാന കൃഷിവകുപ്പുകള്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവ ചേര്‍ന്നാണ് കര്‍ഷകര്‍ക്ക് രണ്ടാം വിളക്കാലത്ത് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ വിജ്ഞാപനം ഇറക്കിയിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ വളരെക്കുറച്ച് കര്‍ഷകര്‍ക്ക് മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.

കാര്‍ഷിക വായ്പ നല്‍കുന്ന സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഈ ഇന്‍ഷ്വറന്‍സ് പദ്ധയിലേക്കുള്ള കര്‍ഷക വിഹിതം അടക്കണം. അതിനുള്ള തുക അവര്‍ കര്‍ഷകരില്‍നിന്ന് ഈടാക്കണമെന്നാണ് നിബന്ധന. എന്നാല്‍ ഇക്കാര്യം വായ്പയെടുത്ത ഭൂരിപക്ഷം കര്‍ഷകരും അറിഞ്ഞിട്ടില്ല. മറ്റ് കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക ലഭിച്ചു തുടങ്ങിയപ്പോഴാണ് വായ്പയെടുത്ത കര്‍ഷകര്‍ക്ക്  ചതി മനസ്സിലാവുന്നത്. 

നെല്‍ക്കര്‍ഷകര്‍ക്ക് ഹെക്ടറിന് 5,00,000 രൂപയുടെയും വാഴ, ഇഞ്ചി കര്‍ഷകര്‍ക്ക് ഒരുലക്ഷം രൂപയുടെയും പരിരക്ഷയാണ് നല്‍കുന്നത്. മറ്റു കൃഷികള്‍ക്ക് 35,000 മുതല്‍ 60,000 രൂപവരെ പരിരക്ഷയുണ്ട്. നെല്‍ക്കര്‍ഷകര്‍ 1000 രൂപയും വാഴ, ഇഞ്ചി കര്‍ഷകര്‍ 5000 രൂപയുമാണ് കര്‍ഷക വിഹിതമടയ്‌ക്കേണ്ടത്. വിളകള്‍ക്ക് വായ്പാ പരിധി അനുവദിച്ചിട്ടുള്ള ബാങ്കുകള്‍ നിര്‍ബന്ധമായും പദ്ധതിയില്‍ കര്‍ഷകരെ ചേര്‍ക്കേണ്ടതാണ്്. ഇതനുസരിച്ചാണ് ബാങ്കുകള്‍ കര്‍ഷകരില്‍ നിന്നും തുക ഈടാക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൂചനാ കാലാവസ്ഥ നിലയത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷ്വറന്‍സ് ആനുകൂല്യം നിശ്ചയിക്കുന്നത്. ഇതില്‍ വലിയ അപാകമുണ്ടെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പല സ്ഥലത്തേയും കാലാവസ്ഥാ നിരീക്ഷണ സംവിധാനം കേടായിക്കിടക്കുന്നത് ഇന്‍ഷ്വറന്‍സ് തുക കിട്ടാതിരിക്കാന്‍ കാരണമാകുന്നുണ്ടെന്ന് ദേശീയ കര്‍ഷക സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.