എല്‍പിജി സംഭരണ ടെര്‍മിനല്‍ മാറ്റി സ്ഥാപിക്കില്ല

Wednesday 27 June 2018 1:19 am IST
എല്‍പിജി ഘടകങ്ങളായ പ്രൊപ്പേനും ബ്യൂട്ടേനും കപ്പലില്‍ ടെര്‍മിനലില്‍ എത്തിക്കും. തുടര്‍ന്ന് ഐഎസ് 4576 രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ച് കൂട്ടിക്കലര്‍ത്തും. എല്‍പിജിക്ക് നിറമോ മണമോ ഇല്ലാത്തതിനാല്‍ ചോര്‍ച്ച അറിയില്ല. അതിനാല്‍ ഇതില്‍ സള്‍ഫര്‍ കലര്‍ന്ന ഈതൈല്‍ മെര്‍കാപ്റ്റന്‍ എന്ന രാസവസ്തു ചേര്‍ക്കും. ഇവ ചെയ്യുന്നത് സംഭരണ ടെര്‍മിനലിലാണ്.

കൊച്ചി: നിര്‍ദിഷ്ട എല്‍പിജി സംഭരണ ടെര്‍മിനല്‍ പദ്ധതി അമ്പലമേട്ടിലേക്ക് മാറ്റണമെന്ന എല്‍പിജി വിരുദ്ധ സമിതിയുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി). 715 കോടി രൂപ ചെലവിട്ടാണ് പദ്ധതി ഒരുക്കുന്നത്. ഇതുവരെ 326 കോടി ചെലവഴിച്ചു. സ്റ്റോറേജ് ടെര്‍മിനലിന് 156 കോടിയും മള്‍ട്ട് ജെട്ടിക്ക് 170 കോടിയും ചെലവായി. ഇനി പദ്ധതി മാറ്റിസ്ഥാപിക്കാനാവില്ല. സാങ്കേതികമായും അപ്രായോഗികമാണ്.

എല്‍പിജി ഘടകങ്ങളായ പ്രൊപ്പേനും ബ്യൂട്ടേനും കപ്പലില്‍ ടെര്‍മിനലില്‍ എത്തിക്കും. തുടര്‍ന്ന് ഐഎസ് 4576 രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ച് കൂട്ടിക്കലര്‍ത്തും. എല്‍പിജിക്ക് നിറമോ മണമോ ഇല്ലാത്തതിനാല്‍ ചോര്‍ച്ച അറിയില്ല. അതിനാല്‍ ഇതില്‍ സള്‍ഫര്‍ കലര്‍ന്ന ഈതൈല്‍ മെര്‍കാപ്റ്റന്‍ എന്ന രാസവസ്തു ചേര്‍ക്കും. ഇവ ചെയ്യുന്നത് സംഭരണ ടെര്‍മിനലിലാണ്. അതിനാല്‍ ഈ പ്രക്രിയക്ക് മുമ്പ് നിറമോ മണമോ ഇല്ലാത്ത വാതകം അമ്പലമേട് വരെ 50 കിലോമീറ്റര്‍ പൈപ്പ്‌ലൈനില്‍ കൂടി കൊണ്ടുപോകുന്നത് സുരക്ഷിതമല്ല.

 ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഹര്‍ജികളും തള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയിട്ടുണ്ട്. സിആര്‍ഇസഡ് ചട്ടങ്ങളുടെ കീഴില്‍ എല്‍പിജി സംഭരണകേന്ദ്രങ്ങള്‍ കടല്‍ത്തീരത്ത് അനുവദനീയമാണെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയുണ്ട്. പ്ലാന്റ് ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കടലാക്രമണ പ്രതിരോധം ഉള്‍പ്പെടെയുള്ള സംരക്ഷണപദ്ധതികള്‍ ഐഒസി സ്വീകരിച്ചിട്ടുണ്ട്. നിര്‍ദിഷ്ട പദ്ധതിയുമായി മുന്നോട്ടുപോകാന്‍ നിലവില്‍ ഒരു തടസ്സവുമില്ല.

പദ്ധതിയുടെ ഭാഗമായ മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ (മള്‍ട്ട്) ജെട്ടി നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ജെട്ടിക്കു മാത്രം 225 കോടിരൂപയും സംഭരണ ടെര്‍മിനലിനു 490 കോടി രൂപയുമാണു ചെലവ്. 

പുതുവൈപ്പിനിലെ സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണം മുടങ്ങിയതിനാല്‍ പ്രതിദിനം ഒരു കോടി രൂപയാണ് ഐഒസിക്ക് നഷ്ടം. വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പ് തീരത്തെ കടലാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ 50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്. 75 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള അഗ്‌നിശമന സംവിധാനം പുതുവൈപ്പ് ടെര്‍മിനലില്‍ ഒരുക്കും. 4 മണിക്കൂര്‍ തുടര്‍ച്ചയായി ഇതില്‍ നിന്നും വെള്ളം എടുക്കാം. ഇതിന് പുറമെ മഴവെള്ള സംഭരണിയും ഏര്‍പ്പെടുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.