ശമ്പള നികുതിദായകര്‍ ഓര്‍ക്കണം, ശ്രദ്ധിച്ചില്ലെങ്കില്‍ പിടിവീഴും

Wednesday 27 June 2018 1:21 am IST
ബെംഗളൂരുവിലെ ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെന്‍ട്രല്‍ പ്രൊസസിംഗ് സെന്റര്‍ (സിപിസി), അര്‍ഹതയില്ലാത്ത ഒഴിവാക്കലുകളോ ഇളവുകളോ നടത്തുന്നത് ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്നതാണെന്ന് വ്യക്തമാക്കിയതാണ്.

ദായനികുതി റിട്ടേണുകള്‍ ജൂലൈ 31നു മുന്‍പ് സമര്‍പ്പിക്കേണ്ടവരില്‍ പെടുന്നവരാണ് ശമ്പള നികുതിദായകര്‍. ഈയിടെ ആദായനികുതി വകുപ്പ് ഇറക്കിയ മുന്നറിയിപ്പിന്റെ വെളിച്ചത്തില്‍ ഐടി റിട്ടേണുകള്‍ വളരെ ശ്രദ്ധാപൂര്‍വം വേണം സമര്‍പ്പിക്കാന്‍.  

ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍.) ഫയല്‍ ചെയ്യുന്നതില്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗം ഉപയോഗിക്കുന്നവര്‍ക്കെതിരെ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുക മാത്രമല്ല, തൊഴിലുടമകളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും  ചെയ്യും.

ബെംഗളൂരുവിലെ ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെന്‍ട്രല്‍ പ്രൊസസിംഗ് സെന്റര്‍ (സിപിസി), അര്‍ഹതയില്ലാത്ത ഒഴിവാക്കലുകളോ ഇളവുകളോ നടത്തുന്നത് ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്നതാണെന്ന് വ്യക്തമാക്കിയതാണ്. 

സിപിസി ഇപ്പോള്‍ വിശാലമായ റിസ്‌ക് വിശകലന സമ്പ്രദായം ഉപയോഗിക്കുന്നു. അത് പ്രകാരം കടമ നിര്‍വഹിക്കുന്ന നികുതിദായകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. അല്ലാത്തവരെ വിശദമായി പരിശോധിക്കാന്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ സംവിധാനമുണ്ട്. ശമ്പളത്തില്‍ നിന്നുള്ള വരുമാനമോ  ആനുകൂല്യങ്ങളോ മനപൂര്‍വമോ അജ്ഞത കാരണമോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. 

നികുതിദായകര്‍  ശ്രദ്ധിക്കേണ്ടവ ചിലവസ്തുതകള്‍  താഴെ:

1. സേവിങ്‌സ് / ഫിക്‌സഡ്, റിക്കറിംഗ്  ഡിപ്പോസിറ്റ് അക്കൗണ്ട് വഴി പലിശ വരുമാനം റിപ്പോര്‍ട്ട് ചെയ്യല്‍

 ഈ തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പ്രസ്താവനകളും ഫോറം 26AS വഴിയും കണ്ടുപിടിയ്ക്കാന്‍ കഴിയും. ഈ തുക റിട്ടേണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നാല്‍, കൂടുതല്‍ അന്വേഷണത്തിനുള്ള കോളുകള്‍, നോട്ടീസുകള്‍ ഇവ ലഭിച്ചേക്കാം. 

2. HRA ക്ലെയിമുകള്‍

 വീട്ടുവാടക ഇനത്തില്‍ ചെലവു ചെയ്യതെ, വ്യാജ ബില്ലുകളുടെ സഹായത്തോടെ ആനുകൂല്യത്തിനു ശ്രമിക്കരുത്.  ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇത് കണ്ടുപിടിക്കപ്പെടും. ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അതു ശിക്ഷാര്‍ഹമാണ്. 

3. എല്ലാ തൊഴില്‍ദാതാക്കളില്‍ നിന്നും ലഭിക്കുന്ന വരുമാനം 

ജോലി മാറുന്ന ആളുകള്‍ തങ്ങളുടെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് എല്ലാ തൊഴിലുടമകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കാണിക്കണം. ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനകം തൊഴില്‍ ദാതാവ് സമര്‍പ്പിച്ച ടിഡിഎസ് റിട്ടേണ്‍ അനുസരിച്ച് ഈ വിവരങ്ങള്‍ ലഭ്യമാണ്. അത്തരം വരുമാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ അവയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ കഴിയും.

4. ചാപ്റ്റര്‍ VI-A നു കീഴില്‍ തെറ്റായ ചിലവുകള്‍ ക്ലെയിം ചെയ്യുക

നികുതി കുറയ്ക്കുന്ന നക്ഷേപങ്ങള്‍് (സെ.80സി), വിദ്യാഭ്യാസ വായ്പ പലിശ (80E),  മെഡിക്ലൈം പോളിസികള്‍ ( 80 ഡി) , രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ് സ്‌കീം  (80CCG), സംഭാവനകള്‍ ( 80G, 80GGA, 80GGC) അല്ലെങ്കില്‍ ചില രോഗങ്ങള്‍, വൈകല്യം അല്ലെങ്കില്‍ വൈദ്യചികിത്സയുമായി ബന്ധപ്പെട്ട മറ്റ് ഡിഡക്ഷനുകള്‍ (80DD, 80DDB, 80U) ഇവയിലെ അപാകതകള്‍,  ബാങ്ക് അക്കൗണ്ട്, വായ്പ അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവയുമായി പരിശോധിച്ചുറപ്പാക്കാം. ആധാര്‍, പാന്‍ ബന്ധപ്പെടുത്തുന്നതോടൊപ്പം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്  മിക്ക അവകാശവാദങ്ങളും ഡിജിറ്റല്‍ പരിശോധിച്ചുറപ്പാക്കാം.  പൊരുത്തക്കേടുണ്ടെങ്കില്‍ അന്വേഷണം ആരംഭിക്കാം. 

5. സെക്ഷന്‍ 10 പ്രകാരം തെറ്റായ ക്ലെയിമുകള്‍ ഉണ്ടാക്കുക

201819 വര്‍ഷത്തെ ഐ.ടി.ആര്‍ 1 യൂട്ടിലിറ്റി പരിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ, ശമ്പളം, നികുതിയിളവ് ശമ്പളം, അലവന്‍സ്, പെര്‍ക്വിസിറ്റ്‌സ് മുതലായവയുടെ വിശദവിവരം റിപ്പോര്‍ട്ട് ചെംയ്യേണ്ടതുണ്ട്. കൂടാതെ എല്ലാ ഒഴിവാക്കാവുന്ന ആനുകൂല്യങ്ങളുടെയും വിശദവിവരങ്ങളും നല്‍കണം. ഫോം 16 / ഫോം 26AS ലെ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  പൊരുത്തക്കേട് ഉണ്ടെങ്കില്‍ നികുതി നോട്ടീസ് കിട്ടും.

6. ഹോം ലോണ്‍ പലിശ 

തെളിവ് നല്‍കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍, അത് അതേപോലെ തന്നെ ചെയ്യണം. പരാജയപ്പെട്ടാല്‍, ശിക്ഷാവിധി നടക്കും.

7.  മൂലധന നേട്ടം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങള്‍ 

ടാക്‌സ് ലാഭിക്കാന്‍ 54, 54F, 54EC മുതലായ തെറ്റായ അവകാശവാദങ്ങള്‍ നടത്തിയാല്‍ അതും കണ്ടുപിടിക്കപ്പെടും.ITR ഫോം പുതിയ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.  ആധാര്‍, പാന്‍ എന്നിവയും വസ്തുവകകളുടെ ക്രയയവിക്രയവും, ധനപരമായ അക്കൗണ്ടുകളും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇലക്ട്രോണിക്കലായി നിങ്ങളുടെ വാദങ്ങള്‍ പരിശോധിക്കുന്നതും തെറ്റാണെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടിക്ക് ഇടയാക്കൂന്നതുമാണ്. 

8. റിട്ടേണ്‍ താമസിച്ചാല്‍ പിഴ

139 (1) പ്രകാരം നിര്‍ദേശിച്ചിട്ടുള്ള തീയതിയ്ക്കുള്ളില്‍ വരുമാന റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍, 234 എഫ് വിഭാഗം പ്രകാരം,  പിഴ (10000രൂപ വരെ) നല്‍കണം:

9. സ്റ്റാന്‍ഡേര്‍ഡ് കിഴിവ്

സ്റ്റാന്‍ഡേര്‍ഡ് കിഴിവ്  40,000 രൂപ. 201819 അസസ്‌മെന്റ് വര്‍ഷം ലഭ്യമാണ്.

10. ആധാര്‍ നമ്പര്‍

ഐടി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍  നിര്‍ബന്ധമാണ്.

11. കേന്ദ്രീകൃത കമ്മ്യൂണിക്കേഷന്‍ സ്‌കീം

 സമീപകാലത്ത് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകൃത കമ്മ്യൂണിക്കേഷന്‍ സ്‌കീം, 2018 ല്‍ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച്, സെന്‍ട്രലൈസ്ഡ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തന്റെ കൈവശമുള്ള വിവരങ്ങള്‍ അല്ലെങ്കില്‍ രേഖകള്‍ അയയ്ക്കാന്‍  വ്യക്തിക്ക് നോട്ടീസ് നല്‍കും. ഈ അന്വേഷണത്തെ അടിസ്ഥാനമാക്കി, സെന്‍ട്രലൈസ്ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍, തുടര്‍ നടപടികള്‍ക്കായി അസസിംഗ് ഓഫീസര്‍ക്ക് അന്വേഷണത്തിന്റെ ഫലം കൈമാറും. വ്യക്തി തെറ്റായ ക്ലെയിം ഉന്നയിച്ചിട്ടുണ്ടെന്ന് അസസിംഗ് ഓഫീസര്‍ക്കു ബോധ്യപ്പെടുകയാണെങ്കില്‍,  അയാള്‍ ഐടി ആക്ടിന് കീഴില്‍ പെനാല്‍റ്റികളും പ്രോസിക്യൂഷനും നേരിടേണ്ടി വരും, പരിഹാരം ഒന്നു മാത്രം, റിട്ടേണുകള്‍ ശ്രദ്ധാപൂര്‍വം സമര്‍പ്പിക്കുക.

(റിട്ട. ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മിഷണറാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.